മുംബൈ: ഡാൻസ് ബാറിൽ പോലീസ് നടത്തിയ റെയ്ഡിൽ 17 യുവതികളെ മോചിപ്പിച്ചു. അന്ധേരിയിലെ ദീപ ബാറിൽനിന്നാണ് യുവതികളെ പോലീസ് രക്ഷപ്പെടുത്തിയത്. ബേസ്മെന്റിലെ രഹസ്യമുറിയിലാണ് യുവതികളെ ഒളിപ്പിച്ചിരുന്നത്. മണിക്കൂറുകൾ നീണ്ട റെയ്ഡിനൊടുവിൽ പോലീസ് ഈ രഹസ്യമുറി കണ്ടെത്തുകയായിരുന്നു.
അന്ധേരിയിലെ ബാറിൽ യുവതികളെ നൃത്തം ചെയ്യിപ്പിക്കാറുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന് പിന്നാലെയാണ് പോലീസ് റെയ്ഡ് നടത്തിയത്. ബാറിലെ ശൗചാലയങ്ങളും അടുക്കളയും സ്റ്റോർ റൂമും അടക്കം പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ബാർ മാനേജർ, കാഷ്യർ, മറ്റു ജീവനക്കാർ എന്നിവരെ ചോദ്യംചെയ്തെങ്കിലും ബാറിൽ യുവതികളില്ലെന്നായിരുന്നു ഇവരുടെ മൊഴി. ഇതിനിടെയാണ് മേക്കപ്പ് റൂമിലെ വലിയ കണ്ണാടി പോലീസ് സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്.
കണ്ണാടി ചുമരിൽനിന്ന് മാറ്റാൻ ശ്രമിച്ചെങ്കിലും ആദ്യഘട്ടത്തിൽ വിജയിച്ചില്ല. ചുറ്റിക അടക്കം ഉപയോഗിച്ച് കണ്ണാടി തകർത്തതോടെയാണ് ബേസ്മെന്റിലേക്കുള്ള രഹസ്യഇടനാഴി കണ്ടെത്തിയത്. ഈ വഴിയിലൂടെ പോലീസ് സംഘം ബേസ്മെന്റിലെ രഹസ്യമുറിയിലെത്തി പരിശോധിച്ചതോടെ 17 യുവതികളെ കണ്ടെത്തുകയായിരുന്നു.
പോലീസ് റെയ്ഡിന് വരുന്ന വിവരമറിഞ്ഞ് ബാർ ജീവനക്കാരാണ് യുവതികളെ രഹസ്യമുറിയിൽ ഒളിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. പോലീസ് വന്നാൽ മുന്നറിയിപ്പ് നൽകുന്ന അലാറം സംവിധാനം ഇവിടെ സജ്ജീകരിച്ചിരുന്നു. ഇതിന്റെ സഹായത്താലാണ് പോലീസ് സംഘം ബാറിൽകടന്നതിന് പിന്നാലെ യുവതികളെ ഒളിപ്പിക്കാനായത്. രഹസ്യമുറിയിൽ കിടക്കകൾ, എയർകണ്ടീഷൻ സംവിധാനങ്ങൾ അടക്കം സജ്ജീകരിച്ചിരുന്നതായും പോലീസ് പറഞ്ഞു. സംഭവത്തിൽ ബാർ മാനേജർ ഉൾപ്പെടെയുള്ള ജീവനക്കാർക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.