തിരുവനന്തപുരം: ചെന്നൈ തീരത്തെ മിഷോങ് ചുഴലിക്കാറ്റ് പ്രവചനത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും കേരളത്തിലേക്കുള്ള നിരവധി തീവണ്ടി സര്‍വീസുകള്‍ റദ്ദാക്കി. ചുഴലിക്കാറ്റ് നാളെ പുലര്‍ച്ചയോടെ കര തൊടും എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവില്‍ ചെന്നൈ തീരത്ത് നിന്ന് 150 കിലോമീറ്റര്‍ ദൂരത്താണ് ചുഴലിക്കാറ്റ് നിലയുറപ്പിച്ചിരിക്കുന്നത്.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ നാലിന് പുറപ്പെടേണ്ട കോട്ടയം-നരാസ്പുര്‍ സപെഷ്യല്‍, അഞ്ചിനുള്ള കൊല്ലം-സെക്കന്തരാബാദ് സ്‌പെഷ്യല്‍, ആറിനുള്ള കൊച്ചുവേളി-ഗോരക്പുര്‍ രപ്തിസാഗര്‍ എക്സ്പ്രസ്, നാലിനുള്ള തിരുവനന്തപുരം-ന്യൂദല്‍ഹി കേരള എക്സ്പ്രസ്, ധന്‍ബാദ്-ആലപ്പുഴ എക്സ്പ്രസ് തുടങ്ങിയവയുടെ സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്.
അഞ്ച്, ആറ് തീയതികളിലെ ന്യൂദല്‍ഹി-തിരുവനന്തപുരം കേരള എക്സ്പ്രസ്, ആറിനുള്ള ഷാലിമാര്‍-നാഗര്‍കോവില്‍ ഗുരുദേവ് എക്സ്പ്രസ്, ആറ്, ഏഴ് തീയതികളിലെ ആലപ്പുഴ-ധന്‍ബാദ് എക്സ്പ്രസ്, നാല്, അഞ്ച് തീയതികളിലെ സെക്കന്തരാബാദ്- തിരുവനന്തപുരം ശബരി എക്സ്പ്രസ്, അഞ്ച്, ആറ്, ഏഴ് തീയതികളില്‍ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ശബരി എക്സ്പ്രസ് എന്നിവ റദ്ദാക്കിയിട്ടുണ്ട്.
അഞ്ചിനുള്ള എറണാകുളം-ടാറ്റാ നഗര്‍ എക്സ്പ്രസ്, ആറ്, ഏഴ് തീയതികളിലെ കന്യാകുമാരി-ദിബ്രുഗഡ് എക്സ്പ്രസ് തുടങ്ങിയവയുടെ സര്‍വീസുകളും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു. നാലിനുള്ള എറണാകുളം-പട്‌ന എക്സ്പ്രസ്, അഞ്ചിനും ഏഴിനുമുള്ള പട്‌ന-എറണാകുളം എക്സ്പ്രസുകള്‍, നാലിനുള്ള കൊച്ചുവേളി-കോര്‍ബ, ആറിനുള്ള കോര്‍ബ- കൊച്ചുവേളി എക്സ്പ്രസ് എന്നിവ റദ്ദാക്കിയിട്ടുണ്ട്.
നാലിനുള്ള ബിലാസ്പുര്‍-എറണാകുളം, ആറിനുള്ള എറണാകുളം-ബിലാസ്പുര്‍ എക്സ്പ്രസുകള്‍, നാലിനുള്ള ഹാട്യ-എറണാകുളം, ആറിനുള്ള എറണാകുളം-ഹാട്യ പ്രതിവാര എക്സ്പ്രസുകള്‍ എന്നിവയുടെ സര്‍വീസുകളും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ 118 ട്രെയിനുകള്‍ ആണ് റദ്ദാക്കിയിരിക്കുന്നത്. കേരളത്തില്‍ നിന്നും കേരളത്തിലേക്കുമുള്ള 35 ട്രെയിനുകളാണ് റദ്ദാക്കിയത്.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പ്പെട്ട് ജില്ലകള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്. സ്വകാര്യസ്ഥാപനങ്ങളില്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്തു. ചെന്നൈയില്‍ പലയിടത്തും ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. മിഗ്‌ജോം ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ തമിഴ്‌നാടിന്റെ തീരദേശ ജില്ലകളില്‍ ശക്തമായ മഴയും കാറ്റും അനുഭവപ്പെടുന്നുണ്ട്.
ആന്ധ്രാപ്രദേശിലും ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഏത് സാഹചര്യവും നേരിടാന്‍ ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാന ദുരന്തനിവാരണ സേനയും സജ്ജമാണെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അറിയിച്ചു. വടക്കന്‍ തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുകയാണ്. ചെന്നൈ അടക്കം നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് നിലനില്‍ക്കുന്നുണ്ട്.