കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ പരസ്യമായി വിമര്‍ശിച്ച് ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടതിന്റെ പേരില്‍ തനിക്ക് നേരിടേണ്ടി വരുന്നത് കടുത്ത സൈബര്‍ ആക്രമണമെന്ന് എംഎസ്‌എഫ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ തെഹ്ലിയ. തന്റെ പോസ്റ്റിന് താഴെ ഇടത് അനുഭാവികളുടെ അസഭ്യ വര്‍ഷമാണെന്നും ഫാത്തിമ തെഹ്ലിയ ചൂണ്ടിക്കാട്ടുന്നു. തനിക്കെതിരായ സൈബര്‍ ആക്രമണത്തെ നിയമപരമായി നേരിടുമെന്നും വനിത കമ്മിഷനും പൊലീസിലും പരാതി നല്‍കുമെന്നും ഫാത്തിമ തെഹ്ലിയ വ്യക്തമാക്കി.
എന്നാൽ മുഖ്യമന്ത്രിയെ ‘താന്‍’ എന്നു വിളച്ചത് എന്റെ പ്രതിഷേധത്തിന്റെ ഭാഗമാണ്. ഒരു പ്രതിഷേധ കുറിപ്പ് എഴുതുമ്പോള്‍ സ്വാഭാവികമായും അത് നമ്മുടെ വാക്കുകളിലും പ്രതിഫലിക്കും.അതാണ് അവിടെയും സംഭവിച്ചത്. സിപിഎമ്മിന്റെ ഒരു പ്രകടനം പോകുമ്പോൾ തന്നെ ഒരുപാട് അസഭ്യവര്‍ഷങ്ങള്‍ അവര്‍ വിളിച്ചു പറയുന്നതിന്റെ സാക്ഷിയായിട്ടുണ്ട് ഞാന്‍. അത്തരത്തിലുള്ള ഒരു വാക്കു പോലും എന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ‘താന്‍’ എന്ന വാക്കാണ് അവര്‍ പ്രശ്‌നവല്‍ക്കരിക്കുന്നത്. അത് പ്രശ്‌നവല്‍ക്കരിക്കുന്നതിന് അപ്പുറത്തേക്ക് എന്റെ കുറിപ്പില്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സിപിഎം തയാറാകണം എന്നും ഫാത്തിമ പറയുന്നു.
മുഖ്യമന്ത്രിക്കെതിരെ പറഞ്ഞ വാക്കുകളില്‍ ഉറച്ചു നില്‍ക്കുന്നതായും ഫാത്തിമ പറഞ്ഞു. ‘കേരളത്തിലെ മുഖ്യമന്ത്രി അത്തരത്തില്‍ ഒരു വര്‍ഗീയ പരാമര്‍ശം നടത്തുമ്പോൾ അതിനെതിരെ മിണ്ടാതിരിക്കാന്‍ കഴിയില്ല. അതിനെതിരെ രൂക്ഷമായി തന്നെ പ്രതികരിക്കണം. അത്തരത്തില്‍ രാഷ്ട്രീയപരമായി തന്നെയാണ് അതിനെതിരെ പ്രതികരിച്ചത്. ആളുകളെ തമ്മില്‍ ഏറ്റുമുട്ടിപ്പിച്ചിട്ട് അതില്‍ മുതലെടുപ്പു നടത്തുകയാണ്. ആ മുതലെടുപ്പ് രാഷ്ട്രീയത്തിനെതിരയാണ് ഞാന്‍ പ്രതികരിച്ചത്. അതില്‍ ഉറച്ചു നില്‍ക്കുന്നു. ഫാസിസ്റ്റ് ഭീകരത സൃഷ്ടിക്കുന്ന ആശയങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന കേരളത്തിന്റെ മുഖ്യമന്ത്രിയ്‌ക്കെതിരെയാണ് പ്രതികരിച്ചത്.’ -ഫാത്തിമ വ്യക്തമാക്കി.
‘യുഡിഎഫിനെ ലീഗ് നിയന്ത്രിച്ചാല്‍ തനിക്ക് എന്താണ് പ്രശ്‌നം മിസ്റ്റര്‍ പിണറായി വിജയന്‍?’ എന്ന തലക്കെട്ടോടെ ഫാത്തിമ തെഹ്‌ലിയ എഴുതിയ കുറിപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിര്‍ശിച്ചിരുന്നു. ഇതിനെതിരേയാണ് സിപിഎം പ്രവര്‍ത്തകരും അനുഭാവികളും രംഗത്തെത്തിയത്. വളരെ മോശമായ ഭാഷയിലാണ് പലരുടെയും കന്റുകളും പോസ്റ്റുകളും. വ്യക്തിഹത്യയും ലൈംഗിക ചുവയുള്ളതുമായ അസഭ്യവര്‍ഷമാണ് നടക്കുന്നത്.