തൂത്തുക്കുടി : തമിഴ്നാട്ടില്‍ തൂത്തുക്കുടി ജില്ലയിലെ സാത്താന്‍കുളത്ത് അച്ഛനും മകനും പോലീസ് കസ്റ്റഡിയില്‍ മരിച്ചതിനെത്തുടര്‍ന്ന് വ്യാപക പ്രതിഷേധം . ലോക്ക് ഡൗണ്‍ നിയമ ലംഘനത്തിന്റെ പേരിലായിരുന്നു തടിവ്യാപാരി പി. ജയരാജ് (50 ) , മകന് ബെന്നിക്സ്(31) എന്നിവരെ ശനിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തത് . സബ് ജയിലിലടച്ച ഇരുവരും ദുരൂഹ സാഹചര്യത്തില്‍ ഗവ. ആശുപത്രിയില്‍ മരണപ്പെട്ടു . പോലീസിന്റെ മര്‍ദനമാണു മരണകാരണമെന്നു ബന്ധുക്കള്‍ ആരോപിക്കുന്നു .
ഇരുവരെയും പോലീസ് അതിക്രൂരമായി മര്‍ദിച്ചുവെന്ന് ബന്ധുക്കള്‍ പറയുന്നു. ജയരാജിന്റെ നെഞ്ചിനു പലതവണ തൊഴിച്ചുവെന്നും ബെന്നിക്സിന്റെ മലദ്വാരത്തില്‍ ലാത്തി കയറ്റിയെന്നും ബന്ധുക്കള്‍ പറയുന്നു . ഇരുവരെയും ഞായറാഴ്ച സബ് ജയിലില്‍ അടച്ചു . രക്തസ്രാവത്തെത്തുടര്‍ന്ന് ബെന്നിക്സിനെ തിങ്കളാഴ്ച വൈകുന്നേരം കോവില്‍പട്ടി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .തുടര്‍ന്ന് രാത്രി ഒന്‍പതോടെ ബെന്നിക്സ് മരിച്ചു . നെഞ്ചുവേദനയെത്തുടര്‍ന്ന് ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയരാജ് ഇന്നലെ രാവിലെ മരണപ്പെട്ടു
മൊബൈല്‍ ഫോണ്‍ കട നടത്തുകയായിരുന്നു ബെന്നിക്സ് . ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കട തുറന്നുവെന്നാരോപിച്ച് പോലീസ് ജയരാജിനെയും മകനെയും അറസ്റ്റ് ചെയ്യുകയായിരുന്നു . സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് പോലീസിനെതിരെ ഉയരുന്നത്. പൂർണ്ണ ആരോഗ്യവാന്മാരായ അച്ഛനെയും മകനെയും അറസ്റ് ചെയ്തിട്ട് കൂരമായി മർദ്ദിച്ചതിനാലാണ് ഇരുവരും മരണപ്പെട്ടതെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.