കസ്റ്റഡി മരണം: നിര്‍ണായക മൊഴിയുമായി പ്രതിയെ പരിശോധിച്ച ഡോക്ടര്‍മാര്‍
ഇടുക്കി: പീരുമേട് സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി മരിച്ച സംഭവത്തില്‍ നിര്‍ണായക മൊഴിയുമായി പ്രതിയെ പരിശോധിച്ച ഡോക്ടര്‍മാര്‍. പ്രതിക്ക് എഴുനേല്‍ക്കാന്‍ പോലും കഴിയാത്ത സാഹചര്യമായിരിന്നു അപ്പോഴെന്നും കാലില്‍ നീരുണ്ടായിരുന്നുവെന്ന് ആദ്യം പരിശോധിച്ച ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ജയിലിലേക്ക് മാറ്റാനുള്ള സാഹചര്യത്തിലായിരുന്നില്ല പ്രതി അപ്പോള്‍. ഇത് കേള്‍ക്കാതെയാണ് പ്രതിയെ കൊണ്ടുപോയത്. പ്രതി ഭയപ്പെട്ടിരുന്നുവെന്നും നെടുങ്കണ്ടം ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.
പോലീസ് സ്റ്റേഷനിലെ വിശ്രമമുറിയില്‍വച്ചാണ് മരിച്ച പ്രതി രാജ്കുമാറിനുനേരെ പോലീസ് മൂന്നാംമുറ പ്രയോഗിച്ചത്. നെടുങ്കണ്ടം സ്റ്റേഷനിലെ ഒന്നാംനിലയിലാണ് വിശ്രമമുറി. രണ്ട് പോലീസ് ഡ്രൈവര്‍മാരും ഒരു എഎസ്ഐയുമാണ് മര്‍ദനത്തിന് നേതൃത്വം നല്‍കിയതെന്നാണ് സൂചന. സംഭവത്തില്‍ നാല് പോലീസുകാരെക്കൂടി സസ്പെന്‍ഡു ചെയ്തു.
അതേസമയം ജയിലില്‍ എത്തിക്കുമ്പോള്‍ രാജ്കുമാറിന്റെ അവസ്ഥമോശമായിരുന്നു എന്ന് ജയില്‍ സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു. പോലീസുകാര്‍ എടുത്താണ് ജയിലിനകത്ത് എത്തിച്ചത്. 17 ന് പുലര്‍ച്ച ഒന്നരയ്ക്കാണ് സംഭവം. പിറ്റേന്ന് നില വഷളായതിനെ തുടര്‍ന്ന് പീരുമേട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.