കോഴിക്കോട്: ആടിന്റെ മുഖവുമായി ജനിച്ച പശുക്കിടാവ് കൗതുകമാകുന്നു. മേപ്പയൂര്‍ പഞ്ചായത്തിലെ കീഴ്പ്പയൂരില്‍ ക്ഷീര കര്‍ഷകനായ ടി.ഒ.ശങ്കരന് കൂഴിക്കണ്ടിയുടെ വീട്ടിലെ പശുവാണ് ശാരീരിക വൈകല്യങ്ങളോടു കൂടിയ പശുക്കിടാവിന് ജന്മം നല്‍കിയത്.
ഇന്നലെ രാത്രിയിലായിരുന്നു തലയും മുഖവും ആടിന്റേത് പോലെയും ഉടലും വാലും പശുവിന്റേത് പോലെയുമുള്ള കിടാവിന്റെ ജനനം. കിടാവിന്റെ മുന്‍കാലിന് ഇരട്ടകുളമ്പാണുള്ളത്. എച്ച്എഫ് ഇനത്തില്‍പ്പെട്ട പശുവിന്റെ രണ്ടാമത്തെ പ്രസവത്തിലാണ് ശാരീരിക വൈകല്യങ്ങളുള്ള കിടാവിന് ജന്മം നല്‍കിയത്.
ആദ്യ പ്രസവത്തില്‍ സാധാരണ പശുക്കിടാവായിരുന്നു ജനിച്ചത്. മൃഗാശുപത്രിയില്‍ നിന്നും ഡോക്ടര്‍മാരെത്തി പശുക്കിടാവിനെ പരിശോധിച്ചു. സംഭവം അറിഞ്ഞു നിരവധി പേരാണ് പശു കിടാവിനെ കാണാന്‍ എത്തുന്നത്.