കൊച്ചി: സിപിഎം (CPM) സംസ്ഥാന സമ്മേളനത്തിൽ പൊലീസിന് (Kerala Police) രൂക്ഷവിമർശനം. ചില പൊലീസുകാർ ഇടതുനയത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നു എന്നാണ് വിമർശനം ഉയർന്നത്. കണ്ണൂർ (Kannur) ഉൾപ്പടെയുള്ള ജില്ലകളിലെ നേതാക്കളിൽ നിന്ന് ഇത്തരത്തിൽ വിമർശനമുയർന്നു.
സംസ്ഥാനത്തെ ക്രമസമാധാന പാലനത്തിൽ പൊലീസ് ഉദ്യോസ്ഥരിൽ സീനിയർ ജൂനിയർ ഭേദമന്യേ വീഴ്ചയുണ്ടായി. മുഖ്യമന്ത്രി ശ്രദ്ധിച്ചില്ലെങ്കിൽ പൊലീസ് ചീത്ത പേരുണ്ടാക്കും. പാർട്ടി പ്രവർത്തകർ കൊല്ലപ്പെടുമ്പോൾ പൊലീസ് കൊലയാളികൾക്കൊപ്പമാണെന്നും വിമർശനമുയർന്നു.
സീതാറാം യെച്ചൂരിക്കെതിരെയും വിമർശനം ഉണ്ടായി. കേരളത്തിലെ സമ്മേളനത്തിൽ കോൺഗ്രസിനെ കുറിച്ച് അദ്ദേഹം മിണ്ടിയില്ല എന്നാണ് കണ്ണൂർ, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ള നേതാക്കൾ വിമർശിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan) സിപിഎം സംസ്ഥാനസമ്മേളനത്തിൽ (CPIM State Conference 2022) അവതരിപ്പിച്ച നവകേരള നയരേഖ (Modern Kerala Development Vision Document) പാർട്ടി നയത്തിന് അനുസരിച്ചുള്ളത് തന്നെയെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ (CPIM Kerala State Secretary Kodiyeri Balakrishnan). നവകേരള രേഖയ്ക്ക് എതിരെ നിലവിൽ നടക്കുന്നത് ദുഷ്പ്രചാരണങ്ങളാണ്. പാർട്ടി കോൺഗ്രസിൽ (CPIM Party Congress Kannur) അവതരിപ്പിക്കാനിരിക്കുന്ന രാഷ്ട്രീയപ്രമേയവും (Political Resolution) നവകേരള നയരേഖയും തമ്മിൽ നയപരമായ ഭിന്നതകളില്ല.
”ഈ നയരേഖ പാർട്ടിയുടെ പൊതുവായ നയങ്ങൾക്ക് എതിരാണെന്ന പ്രചാരണമാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇടതുപക്ഷജനാധിപത്യമുന്നണിക്ക് തുടർഭരണം ലഭിച്ചത് ഇഷ്ടപ്പെടാത്ത ഒരു വിഭാഗം ആളുകൾ കേരളത്തിലുണ്ട്. ഇപ്പോൾ നയരേഖയിൽ അവതരിപ്പിച്ച കാഴ്ചപ്പാടുകൾ എന്താണെന്ന് മനസ്സിലാക്കാത്ത ആളുകളാണ് ഇത്തരത്തിൽ തെറ്റായ പ്രചാരണം നടത്തുന്നത്. യുഡിഎഫും ബിജെപിയും മറ്റ് തത്പരകക്ഷികളുമാണ് ഈ ദുഷ്പ്രചാരണത്തിന് പിന്നിൽ. ജനകീയജനാധിപത്യ വിപ്ലവം പൂർത്തീകരിച്ച് അധികാരത്തിൽ വരുന്ന സർക്കാർ പോലും പ്രത്യക്ഷവിദേശനിക്ഷേപം അനുവദിക്കും എന്നാണ് പറഞ്ഞിട്ടുള്ളത്. അതേസമയം, സമ്പദ്ഘടനയുടെ മൊത്തത്തിലുള്ള താത്പര്യങ്ങൾക്ക് എതിരായി വരുന്ന വിദേശനിക്ഷേപങ്ങളെ സ്വീകരിക്കുകയില്ല. ഇതും പാർട്ടിയുടെ കേന്ദ്രനേതൃത്വത്തിന്‍റെ നയവും തമ്മിൽ യാതൊരു വൈരുദ്ധ്യവുമില്ല എന്നതാണ് വാസ്തവം. കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് സ്വകാര്യ മൂലധനനിക്ഷേപം ഇപ്പോഴുമുണ്ട്. അത് തുടരും. സ്വകാര്യനിക്ഷേപം വരുമ്പോൾ പാവപ്പെട്ടവർക്ക് സംരക്ഷണം ഉറപ്പാക്കണം. തുടർഭരണം ലഭിച്ച സാഹചര്യത്തിലാണ് നയരേഖ അവതരിപ്പിക്കുന്നത്. നയരേഖ നടപ്പാക്കാൻ നിയമഭേദഗതി ആവശ്യമാണെങ്കിൽ അത് കൊണ്ടുവരും”, എന്ന് കോടിയേരി.
ഇന്നലെ വൈകിട്ട് പിണറായി വിജയൻ അവതരിപ്പിച്ച നവകേരള നയരേഖ പാർട്ടി നാളെ ചർച്ച ചെയ്യാനിരിക്കുകയാണ്. പാർട്ടിയ്ക്ക് അകത്തും പൊതുസമൂഹത്തിലും രേഖ ചർച്ച ചെയ്യുമെന്നും കോടിയേരി വ്യക്തമാക്കുന്നു. രേഖയ്ക്ക് നാല് ഭാഗങ്ങളുണ്ട്. അടുത്ത 25 വർഷം ഭരണം നിലനിർത്തി കേരളത്തിലെ ജീവിതനിലവാരം ഉയർത്തുകയാണ് ലക്ഷ്യം. വൈജ്ഞാനികരംഗത്ത് കുതിച്ചുചാട്ടമുണ്ടാക്കണം. ഇതിനായി സംസ്ഥാനത്തെ സർവകലാശാലകളുടെ നിലവാരം ഉയർത്തണം. പൊതുതാത്പര്യത്തിന് തടസ്സമില്ലാത്ത തരത്തിൽ വിദേശവായ്പകൾ സ്വീകരിക്കണം. പരമ്പരാഗത വ്യവസായരംഗത്ത് ആധുനികവത്കരണം കൊണ്ടുവരണം – കോടിയേരി പറയുന്നു.
വർഷങ്ങൾക്ക് ശേഷമാണ് സിപിഎം സംസ്ഥാന സമ്മേളനത്തിൽ കേരള വികസനം സംബന്ധിച്ച പാര്‍ട്ടി നിലപാട് ഒരു രേഖയായി അവതരിപ്പിക്കപ്പെട്ടത്. 37 വർഷം മുമ്പ് എറണാകുളത്ത് തന്നെ നടന്ന സംസ്ഥാന സമ്മേളനത്തിൽ എം വി രാഘവൻ അവതരിപ്പിച്ച ബദൽ രേഖയ്ക്ക് ശേഷം പ്രവർത്തന റിപ്പോർട്ടിനൊപ്പം ഒരു നയരേഖ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. സ്വകാര്യ നിക്ഷേപം, വിദേശ നിക്ഷേപം, വിദേശ വായ്പ, സ്വയം ഭരണ സ്ഥാപനങ്ങള്‍ തുടങ്ങി പാര്‍ട്ടി നേരത്തെ കടുത്ത നിലപാടെടുത്തിരുന്ന പല വിഷയങ്ങളിലും ഒരു നയം മാറ്റത്തിനുളള തുടക്കമാണ് മുഖ്യമന്ത്രി അവതരിപ്പിച്ച നയരേഖ. തുടര്‍ ഭരണത്തില്‍ നിന്ന് തുടര്‍ച്ചയായ ഭരണത്തിലേക്ക് എന്ന ലക്ഷ്യത്തോടെ അവതരിപ്പിക്കുന്ന നയരേഖയില്‍ കേരളത്തിന്‍റെ വികസനത്തിനാണ് മുഖ്യ പരിഗണന.
പാർട്ടി സമ്മേളനത്തിന്‍റെയും അടുത്ത മാസം കണ്ണൂരിൽ നടക്കാനിരിക്കുന്ന പാർട്ടി കോൺഗ്രസിന്‍റെയും അംഗീകാരത്തോടെ മാത്രമേ ഇത് പാർട്ടിയുടെ ഔദ്യോഗിക നയമാകൂ എങ്കിലും സിപിഎം ഉന്നതവിദ്യാഭ്യാസരംഗത്തെ അടിസ്ഥാനപരമായ നയംമാറ്റമുൾപ്പടെ എല്ലാ രംഗത്തും തുറന്ന സമീപനത്തിന് തയ്യാറായിക്കഴിഞ്ഞതായാണ് കോടിയേരിയുടെ വാക്കുകൾ വ്യക്തമാക്കുന്നത്. സിപിഎം ഇന്ന് കേരളത്തിലെ സിപിഎമ്മാണ്. അതിന് ഒറ്റ നേതാവേയുള്ളൂ – പിണറായി വിജയൻ. ആ പിണറായി വിജയന്‍റെ നിലപാട് പാർട്ടി തള്ളുമോ? സാധ്യത വിരളം.
അതേസമയം, ഇന്ന് കൂടി, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, യുക്രൈനിലേക്ക് കുട്ടികൾ പഠിക്കാൻ പോകാനുള്ള കാരണം രാജ്യത്തെ വിദ്യാഭ്യാസരംഗത്തെ സ്വകാര്യവത്കരണമാണെന്ന് വിമർശിച്ച് ട്വീറ്റ് ചെയ്തുവെന്നതും ശ്രദ്ധേയം. ‘സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് മേൽ ഒരു നിയന്ത്രണവുമില്ല. മോദി സർക്കാർ അളവില്ലാതെ ഫീസീടാക്കാൻ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അനുമതി നൽകുന്നു, ലക്ഷ്യം സ്വകാര്യവത്കരണം മാത്രം. ഫലമോ? രക്ഷിതാക്കൾ കുട്ടികളെ വിദേശത്തേക്ക് പഠിക്കാനയക്കുന്നു. രാജ്യത്തേക്കാൾ കുറഞ്ഞ ഫീസിൽ പുറത്ത് കുട്ടികളെ പഠിപ്പിക്കാം. വിദ്യാഭ്യാസകച്ചവടസ്ഥാപനങ്ങളായ ‘എഡ്യുഷോപ്പു’കൾ നിർത്തലാക്കുക. കൂടുതൽ സർക്കാർ രംഗത്ത് പ്രൊഫഷണൽ കോളേജുകൾ തുടങ്ങുക’, യെച്ചൂരി ട്വീറ്റ് ചെയ്യുന്നു