മരട് കേസില്‍ ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്കെതിരെ ക്രൈംബ്രാഞ്ച് നടപടി തുടങ്ങി
കൊച്ചി: മരട് കേസില്‍ ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്കെതിരെ ക്രൈംബ്രാഞ്ച് നടപടി ആരംഭിച്ചു. നാല് നിര്‍മാതാക്കളുടെയും മുഴുവന്‍ സ്വത്തുക്കളും കണ്ടുകെട്ടാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. മരടിലെ ഫ്‌ളാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം നിര്‍മാതാക്കളില്‍ നിന്ന് തന്നെ ഈടാക്കി നല്‍കാമെന്ന സുപ്രീംകോടതി വിധിയിയിലെ പരാമര്‍ശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് കടുത്ത നടപടികള്‍ തുടങ്ങിയത്.
ഹോളി ഫെയ്ത്ത് ബില്‍ഡേഴ്‌സിന്റെ 18 കോടി രൂപയുടെ ബാങ്ക് അക്കൗണ്ട് ക്രൈംബ്രാഞ്ച് മരവിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഹോളി ഫെയ്ത്ത്, ഗോള്‍ഡന്‍ കായലോരം, ജെയിന്‍ ബില്‍ഡേഴ്‌സ്, ആല്‍ഫാ വെഞ്ചേഴ്‌സ് എന്നീ ഫ്‌ളാറ്റ് ഉടമകളുടെയും സ്വത്ത്, ആസ്തി വകകളുടെ കണക്കെടുപ്പ് നടത്തി, എല്ലാ വിവരങ്ങളും റവന്യൂ, രജിസ്ട്രേഷന്‍ വകുപ്പുകളുടെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് ശേഖരിക്കും ഇതിനു ശേഷം സ്വത്ത് കണ്ടുകെട്ടി, ഇതില്‍ നിന്ന് നഷ്ടപരിഹാരം നല്‍കുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്തയോഗം കൊച്ചിയില്‍ ചേര്‍ന്നിരുന്നു. ജില്ലാ കളക്ടര്‍ എസ് സുഹാസ്, പൊളിക്കലിന്റെ ചുമതലയുള്ള സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍, ക്രൈംബ്രാഞ്ച് എഡിജിപി ടോമിന്‍ ജെ തച്ചങ്കരി എന്നിവര്‍ നേതൃത്വം നല്‍കിയ യോഗത്തിലാണ് സ്വത്ത് കണ്ടുകെട്ടാന്‍ തീരുമാനിച്ചത്