കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ വീട്ടില്‍ പരിശോധന. ദിലീപിന്റെ ആലുവയിലെ വീട്ടിലാണ് ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തില്‍ പരിശോധന നടക്കുന്നത്. കേസിലെ തെളിവുകള്‍ തേടിയാണ് പരിശോധന നടത്തുന്നതെന്നാണ് വിവരം. പരിശോധന കോടതിയുടെ അനുമതിയോടെയാണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. 20 അംഗ സംഘമാണ് പരിശോധനയ്‌ക്ക് എത്തിയിരിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി എറണാകുളം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.
കേസിലെ അന്വേഷണസംഘം നല്‍കിയ അപേക്ഷ പരിഗണിച്ചാണ് മൊഴി രേഖപ്പെടുത്തിയത്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്ന് ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ദിലീപിന്റെ വീട്ടില്‍ പരിശോധനയുമായി ക്രൈംബ്രാഞ്ച് എത്തിയിരിക്കുന്നത്.
51 പേജുള്ള രഹസ്യമൊഴിയാണ് കോടതിയില്‍ രേഖപ്പെടുത്തിയത്. മൊഴി രേഖപ്പെടുത്തല്‍ ആറര മണിക്കൂര്‍ നീണ്ടു. ദിലീപിനെ പരിചയപ്പെട്ടതുമുതലുള്ള കാര്യങ്ങളും തനിക്ക് അറിയാമായിരുന്ന വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വൈകിയതിന്റെ കാരണവും കോടതിയെ അറിയിച്ചതായും മൊഴി രേഖപ്പെടുത്തിയ ശേഷം ബാലചന്ദ്രകുമാര്‍ പറഞ്ഞു.
വധഭീഷണി കേസിൽ ജാമ്യം തേടി ദിലീപ് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. നാളെ ഈ കേസ് പരിഗണിക്കുന്നുണ്ട്. അതുവരെ ദിലീപിന്റെ അറസ്റ്റ് ഉണ്ടാകില്ലെന്ന് സർക്കാരും ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിനിടയിലാണ് അന്വേഷണസംഘം പറവൂര്‍ കവലയിലെ വീട്ടിലെത്തി പരിശോധന നടത്തുന്നത്. വധഭീഷണി കേസ് അന്വേഷിക്കുന്ന സംഘമാണ് ദീലീപിന്റെ വീട്ടില്‍ എത്തിയിരിക്കുന്നത്. ദിലീപിന്റെ സഹോദരി എത്തിയാണ് അന്വേഷണ സംഘത്തിന് വീട് തുറന്ന് നല്‍കിയത്.
ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ വീട്ടിലും നിര്‍മ്മാണ കമ്പനിയിലും പോലീസ് പരിശോധന നടത്തുന്നുണ്ട്. ‘പത്മസരോവരം’ വീട്ടിലെ ഹാളില്‍ വച്ചാണ് ഗൂഢാലോചന നടത്തിയത് എന്ന് വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാറാണ് മൊഴി നല്‍കിയത്. തന്റെ ചുമലില്‍ കൈവച്ച ഉദ്യോഗസ്ഥന്റെ കൈവെട്ടും, മറ്റ് ഉദ്യോഗസ്ഥരെ അപായപ്പെടുത്തും എന്നതടക്കമുള്ള ഭീഷണി ദിലീപ് മുഴക്കിയിരുന്നുവെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. ഇയാളെ കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ കൂടുതല്‍ തെളിവുകള്‍ തേടിയാണ് പോലീസ് ആലുവയിലെ വീട്ടില്‍ എത്തിയിരിക്കുന്നത്.