കോഴിക്കോട് : വെള്ളയിൽ റെയിൽവേ സ്റ്റേഷൻ കടന്നുപോകവെ മംഗളൂരു – തിരുവനന്തപുരം മാവേലി എക്സ്പ്രസിനു നേരെ സ്ഫോടക വസ്തു എറിഞ്ഞു. യാത്രക്കാരനായ യുവാവിന്റെ കാലിൽ തട്ടിത്തെറിച്ചു പുറത്തുനിന്നു പൊട്ടിയതിനാൽ ആർക്കും പരുക്കേറ്റില്ല. സംഭവത്തിൽ പൊലീസ് പരിസരം നിരീക്ഷിക്കുന്നതിനിടയിൽ ഇന്നലെ രാത്രി 7 മണിയോടെ റെയിൽവേ പരിസരത്ത് എത്തിയ മൂന്നംഗ സംഘത്തെ പൊലീസ് പിടികൂടിയെങ്കിലും ഒരാൾ ഓടി രക്ഷപ്പെട്ടു. പിടിയിലായ തങ്ങൾസ് റോഡ് സ്വദേശികളായ 16, 17 പ്രായമുള്ള രണ്ടു പേരെ ചോദ്യം ചെയ്തു. ഇവരിൽ നിന്നു പടക്കങ്ങൾ കണ്ടെടുത്തതായി വെള്ളയിൽ പൊലീസ് ഇൻസ്പെക്ടർ എ.ശ്രീനിവാസൻ പറഞ്ഞു. വീണ്ടും ട്രെയിനിനു പടക്കം എറിയാനുള്ള ഒരുക്കവുമായാണ് സംഘം എത്തിയതെന്നും ഇവരെ റെയിൽവേ സുരക്ഷാ സേനയ്ക്കു കൈമാറിയതായും പൊലീസ് പറഞ്ഞു.
ശനിയാഴ്ച രാത്രി 10.32ന് ആണ് സ്ഫോടകവസ്തു എറിഞ്ഞത്. ഇതേ ട്രെയിനിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നു കേന്ദ്ര മന്ത്രി വി.മുരളീധരനും മന്ത്രി പി.എ.മുഹമ്മദ് റിയാസും കയറാനിരിക്കെ ഉണ്ടായ സംഭവത്തിൽ പൊലീസും ആർപിഎഫും ഗൗരവമായ അന്വേഷണം നടത്തുന്നുണ്ട്.
ട്രെയിൻ വെള്ളയിൽ സ്റ്റേഷൻ കടന്നുപോകുന്നതിനിടയിൽ പ്ലാറ്റ്ഫോമിന്റെ കിഴക്കു ഭാഗത്തുനിന്നാണ് ജനറൽ കോച്ചിലേക്ക് സ്ഫോടകവസ്തു എറിഞ്ഞത്. ട്രെയിനിന്റെ വാതിലിനരികിൽ ഇരിക്കുകയായിരുന്ന യാത്രക്കാരൻ ഷാഹുൽ ഹമീദിന്റെ(36) ഷൂവിൽ തട്ടി പുറത്തേക്കു തെറിച്ച് ഇതു പൊട്ടുകയായിരുന്നു. ട്രെയിൻ കോഴിക്കോട് സ്റ്റേഷനിൽ എത്തിയപ്പോൾ യാത്രക്കാരൻ റെയിൽവേ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ആർപിഎഫ് ഇൻസ്പെക്ടർ ഉപേന്ദ്രകുമാർ ഉടനെ വെള്ളയിൽ റെയിൽവേ സ്റ്റേഷനിൽ എത്തി പ്ലാറ്റ്ഫോമും റെയിൽവേ ട്രാക്കുകളും പരിശോധിച്ചു.
പൊലീസ് വാഹനം കണ്ട് 4 പേർ കടന്നുകളഞ്ഞു. വെള്ളയിൽ പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും പരിസരത്തുനിന്നു സ്ഫോടക വസ്തുവിന്റെ അവശിഷ്ടങ്ങളൊന്നും കണ്ടെത്താനായിരുന്നില്ല.