തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന നികുതി കുറയ്‌ക്കേണ്ടന്ന് സിപിഎം. ഇന്ന് ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും സാഹചര്യം വിശദീകരിക്കാന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാലിനെ ചുമതലപ്പെടുത്തിയെന്നും സിപിഎം സംസ്ഥാന കമ്മിറ്റി യോഗം അറിയിച്ചു.
കേന്ദ്രം കുറച്ച ഇന്ധന നികുതി തുച്ഛമായ തുകമാത്രമാണെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കുറയ്ക്കാനാകില്ലെന്നുമാണ് ധനമന്ത്രി ഈ വിഷയത്തില്‍ പ്രതികരിച്ചത്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനങ്ങള്‍ വലിയ സാമ്പത്തിക ബുദ്ധിമുട്ടാണ് നേരിടുന്നത്. കേരളത്തിലും ഇതേസാഹചര്യമാണ് നിലനില്‍ക്കുന്നത്.
ഇന്ധന നികുതി കുറച്ചാല്‍ സംസ്ഥാനത്തിന് കടുത്ത വരുമാന നഷ്ടമുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖം മിനുക്കല്‍ നടപടി മാത്രമാണ് കേന്ദ്രം ചെയ്യുന്നത്. പോക്കറ്റടിച്ച ശേഷം വണ്ടിക്കൂലിക്ക് പൈസ കൊടുക്കുന്ന പോലെയാണ് കേന്ദ്രത്തിന്റെ നടപടിയെന്നും ബാലഗോപാല്‍ പരിഹസിച്ചു.
ഈ വര്‍ഷം മാത്രം കേരളത്തിനുള്ള വിഹിതമായ 6400 കോടി രൂപയാണ് കേന്ദ്രം വെട്ടിക്കുറച്ചത്. 30 രൂപയിലധികമാണ് കേന്ദ്രം ഇന്ധനവില വര്‍ധിപ്പിച്ചത്. പെട്രോളിന് 30.08 ശതമാനവും ഡീസലിന് 22.78 ശതമാനവുമാണ് കേരളത്തിലെ വില്‍പന നികുതി.