തിരുവനന്തപുരം: വടകര എംഎൽഎ കെ.കെ രമയ്‌ക്കെതിരെ മുൻമന്ത്രിയും സിപിഎം മുതിർന്ന നേതാവുമായ എം.എം മണി സഭയിൽ നടത്തിയ പരാമർശത്തിൽ പിന്തുണച്ചും കേന്ദ്രമന്ത്രിമാരുടെ കേരളസന്ദർശനത്തെ വിമർശിച്ചും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
കേന്ദ്രമന്ത്രിമാർ സംസ്ഥാനത്ത് നടത്തുന്ന ഇടപെടലിനെക്കുറിച്ചും കോടിയേരി അഭിപ്രായപ്പെട്ടു. ‘കേന്ദ്ര മന്ത്രിമാർ വികസന പദ്ധതികൾക്കായി സന്ദർശനം നടത്തുന്നത് നല്ലത് തന്നെയാണ്. എന്നാൽ അതിന്റെ പിന്നിൽ ദുരുദേശങ്ങളുണ്ട്. കേന്ദ്ര സർക്കാർ കേരളത്തിൽ പ്രഖ്യാപിച്ച പദ്ധതികളൊന്നും നടപ്പാക്കുന്നില്ല. നേമം ടെർമിനൽ, പാലക്കാട് കോച്ച് ഫാക്ടറി, റെയിൽവേ മെഡിക്കൽ കോളേജ് എന്നിവ നടപ്പാക്കാൻ കേന്ദ്രം തയ്യാറാകുന്നില്ല. എന്നാൽ സംസ്ഥാന സർക്കാരുംകൂടി ചേർന്ന് നടത്തുന്നതാണ് ദേശീയപാത വികസനം. 45 മീറ്റർ വീതിയിൽതന്നെ ദേശീയപാത വേണമെന്ന തീരുമാനത്തിൽ എത്തിയത് എൽഡിഎഫിന്റെ ഇടപെടലിലാണ്. കേന്ദ്രസർക്കാർ തടസങ്ങൾ ഉന്നയിച്ചു. ഭൂമി ഏറ്റെടുക്കലിനുള്ള തുകയിലെ 25 ശതമാനം വഹിക്കാമെന്ന് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനെ അറിയിക്കുകയായിരുന്നു. എന്നാലിത് തങ്ങളുടെ പദ്ധതിയാണെന്നാണ് ബിജെപി പറയുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് കലഹമുണ്ടാക്കാനാണ് അവർ ശ്രമിക്കുന്നത്’-കോടിയേരി പറഞ്ഞു.
പാർലമെന്റിൽ നിരവധി വാക്കുകൾ നിരോധിച്ചതിനെക്കുറിച്ചും കോടിയേരി സംസാരിച്ചു. രാജ്യത്തെ ഏകാധിപത്യത്തിലേയ്ക്ക് നയിക്കാനുള്ള നീക്കത്തിന്റെ ഫലമാണിതെന്ന് കോടിയേരി വിമർശിച്ചു. ഭാവിയിൽ പാർലമെന്റ് നൽകുന്ന കുറിപ്പിന് അനുസരിച്ച് പ്രസംഗിക്കേണ്ട സ്ഥിതിയുണ്ടാകും. അടിയന്തരാവസ്ഥക്കാലത്ത് പോലും സംഭവിക്കാത്ത കാര്യമാണിത്. പാർലമെന്റിനെ നോക്കുകുത്തിയാക്കുന്നെന്നും കോടിയേരി ആരോപിച്ചു.
അതേസമയം, വടകര എംഎൽഎ കെ.കെ രമയ്‌ക്കെതിരെ മുൻമന്ത്രിയും സിപിഎം മുതിർന്ന നേതാവുമായ എം.എം മണി സഭയിൽ നടത്തിയ പരാമർശത്തിൽ പ്രതികരിക്കാതെ കോടിയേരി ഒഴിഞ്ഞുമാറി. മണിയുടെ പ്രസ്താവന തിരുത്തേണ്ടതില്ലെന്ന് കോടിയേരി പറഞ്ഞു. നിയമസഭയിൽ പറഞ്ഞത് അവിടെ അവസാനിപ്പിക്കണം. മണി പറഞ്ഞത് ടിപി വധത്തിൽ സിപിഎമ്മിന് പങ്കില്ലെന്ന് വ്യക്തമാക്കാനാണെന്നും കോടിയേരി കൂട്ടിച്ചേർത്തു.
ഭാരതീയ വിചാരകേന്ദ്രം പരിപാടിയിൽ പ്രതിപക്ഷനേതാവ് വി ഡി സതീശൻ പങ്കെടുത്തതിനെക്കുറിച്ചും കോടിയേരി പ്രതികരിച്ചു. വി ഡി സതീശനെപ്പോലെ ഒരാൾ അത്തരം പരിപാടിയിൽ വെറുതേ പങ്കെടുക്കില്ലെന്ന് മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി കോടിയേരി പറഞ്ഞു. കാര്യങ്ങൾ പഠിച്ച് മനസിലാക്കി ചെയ്യുന്നയാളാണ് വി ഡി സതീശൻ. പറവൂരിൽ തോറ്റതിന് ശേഷം തിരഞ്ഞെടുപ്പിൽ എങ്ങനെയും ജയിക്കുന്നതിനായി ആർ എസ് എസിന്റെ വോട്ട് നേടുന്നതിനായാണ് അദ്ദേഹം പരിപാടിയിൽ പങ്കെടുത്തതെന്നും കോടിയേരി പറഞ്ഞു.
അതേസമയം മണിയുടെ പ്രസ്താവനയ്ക്കെതിരെ സി.പി.ഐ നേതാക്കള്‍ അഭിപ്രായം പറഞ്ഞത് ശ്രദ്ധേയമായി.എം.എം മണിയുടെ പരാമര്‍ശത്തെ ചൊല്ലി പ്രതിപക്ഷ ബഹളമുണ്ടായപ്പോള്‍ സഭയില്‍ ചെയറിലുണ്ടായിരുന്ന സിപിഐയുടെ ഇ.കെ വിജയന്‍, എം.എം മണിയുടെ പരാമര്‍ശം പറയാന്‍ പാടില്ലാത്തതായിരുന്നെന്ന് അഭിപ്രായപ്പെട്ടു. അടുത്തുണ്ടായിരുന്ന ഉദ്യോഗസ്ഥനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മണിയുടെ പരാമര്‍ശം പാടില്ലായിരുന്നുവെന്നാണ് മുതിര്‍ന്ന സിപിഐ നേതാവ് ബിനോയ് വിശ്വവും പ്രതികരിച്ചത്. പദവി പരിഗണിച്ചെങ്കിലും അദ്ദേഹത്തിന് ഇത് ചെയ്യാമായിരുന്നെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ മണിയുടെ പ്രസ്താവനയില്‍ തെറ്റില്ലെന്നാണ് സിപിഎം നേതാക്കള്‍ പറഞ്ഞത്. മണി മാപ്പ് പറയേണ്ട സാഹചര്യമില്ലെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവന്‍ പ്രതികരിച്ചു.
രമയ്‌ക്കെതിരായ പ്രസംഗത്തില്‍ ഉറച്ചുനില്‍ക്കുന്നതായി എം.എം മണി ഇന്ന് പ്രതികരിച്ചിരുന്നു. ഒരു വര്‍ഷത്തലേറെയായി രമ മുഖ്യമന്ത്രിയെ സഭയില്‍ തേജോവധം ചെയ്യുകയാണെന്ന് പറഞ്ഞ എം.എം മണി തന്റെ പരാമര്‍ശത്തില്‍ ഖേദമില്ലെന്ന് ആവര്‍ത്തിച്ചു. മുഖ്യമന്ത്രിക്കെതിരെ കൊലയാളിയാണെന്ന തരത്തില്‍ വരെ രമ പ്രതികരിച്ചിട്ടുണ്ടെന്നും അതെന്ത് മര്യാദയാണെന്നും മണി ചോദിച്ചു. കെ.കെ രമ ഇത്രനാളും മുഖ്യമന്ത്രിയെ തേജോവധം ചെയ്തപ്പോള്‍ ഞങ്ങളാരും പ്രതികരിച്ചില്ല. താന്‍ പറഞ്ഞത് തെറ്റാണെന്ന് തോന്നുന്നില്ല. അത് തെറ്റായി തോന്നുന്നത് ദൈവവിശ്വാസികള്‍ക്കാണ്. താന്‍ ദൈവവിശ്വാസിയല്ല, സഭയില്‍ ആര്‍ക്കും പ്രത്യേക പദവിയില്ലെന്നും മണി അഭിപ്രായപ്പെട്ടിരുന്നു.