കോഴിക്കോട്:മേയറെ തള്ളി സിപിഎം ജില്ലാ നേതൃത്വം.ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത മേയറുടെ നടപടി പാർട്ടി നിലപാടിന് വിരുദ്ധമാണ്.പാർട്ടി ഒരിക്കലും ഇത് അംഗീകരിക്കില്ല കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം വിശദീകരിച്ചത്.പ്രസ്താവനയില്‍ പറയുന്നത്.
കോഴിക്കോട് കോർപറേഷൻ മേയർ ഡോ.ബീന ഫിലിപ്പ് ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള സംഘടന സംഘടിപ്പിച്ച വേദിയിൽ പങ്കെടുത്ത് സംസാരിച്ച നിലപാട് ശരിയായില്ല ഇക്കാര്യത്തിലുള്ള മേയറുടെ സമീപനം സി.പി.ഐ.(എം )എല്ലാ കാലവും ഉയർത്തിപ്പിടിച്ചു വരുന്ന പ്രഖ്യാപിത നിലപാടിന് കടക വിരുദ്ധമാണ് .ഇത് സി.പി.ഐ.എം. ന് ഒരു വിധത്തിലും അംഗീകരിക്കാവുന്നതല്ല .അക്കാരണം കൊണ്ട് തന്നെ ഇക്കാര്യത്തിലുള്ള മേയറുടെ നിലപാടിനെ പരസ്യമായി തള്ളിപ്പറയുന്നതിന് സി.പി.ഐ. (എം ) തീരുമാനിച്ചു.
ബാലഗോകുലത്തിന്‍റെ പരിപാടില്‍ കോഴിക്കോട് മേയര്‍ പങ്കെടുത്തത് വിവാദമായ സാഹചര്യത്തില്‍ പ്രതികരണവുമായി ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് വി.കെ സജീവൻ രംഗത്ത്.മേയർക്ക് പൂർണ പിന്തുണ.മേയർ പങ്കെടുത്തത് വിവാദമാക്കുന്നവർ സങ്കുചിത മനസുള്ളവരാണ്.ഇത്അപകടകരമായ സ്ഥിതിവിശേഷത്തിലേയ്ക്ക് നയിക്കും .നഗരപിതാവ് എന്ന നിലയിലാണ് അവരെ ക്ഷണിച്ചത് .വ്യത്യസ്ഥ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവർ സംസ്ക്കാരിക പരിപാടികളിൽ പങ്കെടുക്കുന്നതിനെ സ്വാഗതം ചെയ്യുന്നു.സിപിഎമ്മും അതിനെ എതിർക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്ട് സംഘപരിവാർ സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിൽ വിശദീകരണവുമായി മേയർ ബീനാ ഫിലിപ്പ്. അമ്മമാരുടെ കൂട്ടായ്മയിലാണ് താൻ പങ്കെടുത്തതെന്നാണ് പരിപാടിയിൽ പങ്കെടുത്തതും അതിൽ നടത്തിയ പരാമർശവും വിവാദമായതോടെ മേയർ പ്രതികരിച്ചത്. പരിപാടിക്ക് പോകരുതെന്ന് പാർട്ടി കർശനമായി പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയ മേയർ, ബാലഗോകുലം ആർഎസ്എസിന്റെ പോഷക സംഘടനയാണെന്ന് തോന്നിയിട്ടില്ലെന്നും അഭിപ്രായപ്പെട്ടു. കുട്ടികളെ ഉണ്ണിക്കണ്ണനെ പോലെ കരുതണമെന്നാണ് പറഞ്ഞത്. വിവാദമുണ്ടായതിൽ ഏറെ ദുഖമുണ്ടെന്നും മേയർ വിശദീകരിക്കുന്നു.
കോഴിക്കോട് സംഘപരിവാർ സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയിൽ കോഴിക്കോട് മേയർ ബീന ഫിലിപ്പ് പങ്കെടുത്തതും ഉദ്ഘാടന പ്രസംഗത്തിൽ നടത്തിയ പരാമർശവുമാണ് വിവാദത്തിലായത്. കേരളത്തിലെ ശിശുപരിപാലനം മോശമാണെന്നും വടക്കേന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്നേഹിക്കുന്നതെന്നുമാണ് ബാലഗോകുലത്തിന്‍റെ മാതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ സിപിഎം മേയറുടെ പരാമർശം.
പ്രസവിക്കുമ്പോൾ കുട്ടികൾ മരിക്കുന്നില്ലെന്നത് മാത്രമല്ല പ്രധാനം. ചെറുപ്പം മുതൽ അവരെ സ്നേഹിക്കണം. കേരളീയർ കുട്ടികളെ സ്നേഹിക്കുന്നതിൽ സ്വാർത്ഥരാണെന്നും ബീന ഫിലിപ്പ് അഭിപ്രായപ്പെടുന്നു. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്ക് മുന്നോടിയായാണ് ബാലഗോകുലം മാതൃസംഗമങ്ങൾ സംഘടിപ്പിക്കുന്നത്. ആർഎസ്എസ് ശോഭായാത്രകൾ സംഘടിപ്പിക്കുന്നതിന് ബദലായി സിപിഎം ഘോഷയാത്രകൾ വരെ നടത്തി പ്രതിരോധം തീർക്കുമ്പോഴാണ് സിപിഎം മേയർ സംഘപരിവാർ ചടങ്ങിൽ ഉദ്ഘാടകയായത്. ഇതിനിടെയാണ് ഉദ്ഘാടനം ചെയ്ത് നടത്തിയ പരാമർശവും വിവാദത്തിലായത്.