കോഴിക്കോട്: കേരളത്തില്‍ സിപിഎമ്മും ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും മിശ്രവിവാഹങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നുവെന്നും, മുസ്ലിം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി വിവാഹം നടത്തുന്നുവെന്നും എസ്വൈഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി.
ഹിന്ദു, മുസ്ലിമിനെ വിവാഹം കഴിച്ചാല്‍ മതേതരത്വമായെന്നാണ് ചിലര്‍ കരുതുന്നത്. ഇതിനെതിരെ മഹല്ല് കമ്മിറ്റികള്‍ ജാഗ്രത പുലര്‍ത്തണമെന്നും നാസര്‍ ഫൈസി ആവശ്യപ്പെട്ടു. കൊയിലാണ്ടിയില്‍ നടന്ന സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ സാരഥി സംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
”ഹിന്ദു, മുസ്‌ലിമിനെ കല്യാണം കഴിച്ചാലേ ഭാരതീയ സംസ്‌കാരമാകൂ, മതേതരത്വമാകൂ എന്നതാണ് ചിലരുടെ കുടിലതന്ത്രം. പാര്‍ട്ടി ഓഫീസുകളിലും പത്ര ഓഫീസുകളിലും നേതാക്കളുടെ പിന്‍ബലത്തില്‍ മുസ്ലിം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി അമുസ്‌ലിംകള്‍ക്ക് വിവാഹം ചെയ്തുകൊടുക്കുന്ന വിധത്തില്‍ മിശ്രവിവാഹം പ്രോല്‍സാഹിപ്പിക്കുന്ന സിപിഎമ്മിന്റേയും ഡിവൈഎഫ്‌ഐയുടേയും എസ്എഫ്‌ഐയുടേയും മതനിഷേധത്തെ ചെറുക്കാന്‍ മഹല്ല് കമ്മിറ്റികള്‍ ശക്തമായി സംഘടിച്ചേ മതിയാകൂ” -നാസര്‍ ഫൈസി പറഞ്ഞു.
നമ്മള്‍, നമ്മുടെ ഇസ്ലാമിക ഐഡന്റിറ്റി കളഞ്ഞുകുളിക്കണമെന്ന രീതിയിലാണ് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രമമെങ്കില്‍ അതിനെ ശക്തമായി നേരിടാന്‍ മഹല്ല് ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. സമുദായത്തിനുള്ളില്‍ നിന്നുതന്നെ വിവാഹം കഴിക്കുന്ന രീതിയാണ് ഇന്ത്യയില്‍ പിന്തുടര്‍ന്നു വരുന്നതെന്നും അതു സംരക്ഷിക്കാന്‍ മഹല്ല് കമ്മിറ്റികള്‍ തയാറാകണമെന്നും നാസര്‍ ഫൈസി കൂട്ടിച്ചേര്‍ത്തു.
പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി നാസര്‍ ഫൈസി രംഗത്തുവന്നു. കായികമായി തട്ടിക്കൊണ്ടുപോകുന്നു എന്നല്ല താന്‍ ഉദ്ദേശിച്ചതെന്നും മുസ്ലിം പെണ്‍കുട്ടികളെ പ്രണയം നടിച്ച് വശീകരിക്കുന്നു എന്നാണ് അര്‍ഥമാക്കിയതെന്നും നാസര്‍ ഫൈസി പറഞ്ഞു. ക്യാംപസുകളില്‍ എസ്എഫ്‌ഐ നടത്തുന്ന ‘മൈ ബോഡി മൈ ചോയ്‌സ്’ ക്യാംപെയ്ന്‍ ഇതിന്റെ ഭാഗമാണെന്നും സമസ്ത പഠിപ്പിച്ച കാര്യങ്ങളാണ് താന്‍ പറയുന്നതെന്നും നാസര്‍ ഫൈസി പറഞ്ഞു.