KeralaNews

നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി സി.പി.എമ്മിന്റെ മെഗാ തിരുവാതിര; എം.എ ബേബി അടക്കമുള്ളവര്‍ കാഴ്ചക്കാര്‍

തിരുവനന്തപുരം: കൊവിഡ്, ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊതുപരിപാടികള്‍ക്കും ഒത്തുചേരലുകള്‍ക്കും സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടും അതെല്ലാം കാറ്റില്‍ പറത്തി സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം. സമ്മേളനത്തോടനുബന്ധിച്ച് 502 സ്ത്രീകള്‍ അണിനിരന്ന മെഗാ തിരുവാതിര സംഘടിപ്പിച്ചു. ജനുവരി 14 മുതല്‍ 16 വരെ നടക്കുന്ന ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചായിരുന്നു ചെറുവാരക്കോണം സിഎസ്‌ഐ സ്‌കൂള്‍ ഗ്രൗണ്ടില്‍ മെഗാ തിരുവാതിര സംഘടിപ്പിച്ചത്.

സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി, ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, എംഎല്‍എ സി.കെ.ഹരീന്ദ്രന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തിയുള്ള തിരുവാതിര കളി. കൊവിഡ്, ഒമിക്രോണ്‍ വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ സിപിഎം സമ്മേളനങ്ങള്‍ നടത്തുന്നതിനെതിരേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

അതിനിടെയാണ് അഞ്ഞൂറിലധികം സ്ത്രീകളെ അണിനിരത്തിയുള്ള തിരുവാതിര പരിപാടി സംഘടിപ്പിച്ചത്. ഇടയ്ക്ക് സ്ഥലത്തെത്തിയ പോലീസ് ജനക്കൂട്ടത്തെ കണ്ടില്ലെന്നു നടിച്ച് മടങ്ങി. ആള്‍ക്കൂട്ടം ഒത്തുചേരുന്ന പരിപാടികളും പൊതുയോഗങ്ങളും ഒഴിവാക്കണമെന്ന നിര്‍ദേശം നല്‍കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ കഴിഞ്ഞ ദിവസം തീരുമാനമെടുത്തിരുന്നു.

രാഷ്ട്രീയ പൊതുപരിപാടികള്‍ക്കു നിലവില്‍ വിലക്കില്ലെന്നും ശാരീരിക അകലമടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരിപാടി നടത്തിയതെന്നുമാണ് സംഘാടകര്‍ പറയുന്നത്.

https://youtu.be/zuh3B6N0W9c
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button