വനിതാ പഞ്ചായത്ത് പ്രസിഡന്റിന് നേരെ സി.പി.എം നേതാക്കള്‍ കൈയ്യേറ്റ ശ്രമവും അസഭ്യവര്‍ഷവും നടത്തിയതായി പരാതി; പ്രസിഡന്റ് ആശുപത്രിയില്‍
പീരുമേട്: മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് വനിതാ പഞ്ചായത്ത് പ്രസിഡന്റിനെ സിപിഎം നേതാക്കള്‍ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായും പരാതി. പീരുമേട് പഞ്ചായത്ത് പ്രസിഡന്റും അണ്ണാ ഡിഎംകെ നേതാവുമായ എസ് പ്രവീണയ്ക്ക് നേരെയാണു കൈയേറ്റ ശ്രമവും അസഭ്യം പറച്ചിലും ഉണ്ടായത്. പ്രവീണയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയോടെ പഞ്ചായത്ത് ഓഫീസിലാണ് സംഭവം. പഞ്ചായത്ത് കമ്മിറ്റി യോഗത്തില്‍ തുമ്പൂര്‍മൂഴി മോഡല്‍ മാലിന്യ സംസ്‌കരണ പ്ലാന്റിന് ഫണ്ട് നല്‍കിയതുമായി ബന്ധപ്പെട്ടു സിപിഎം- യുഡിഎഫ് അംഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരിന്നു.
യോഗത്തിനു പിന്നാലെ ഓഫീസില്‍ എത്തിയ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എസ് സാബുവിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം തന്നെ അസഭ്യം പറഞ്ഞ ശേഷം കൈയേറ്റം ചെയ്തുവെന്നാണ് പ്രവീണയുടെ പരാതി. ദിവസങ്ങളായി പീരുമേട്ടില്‍ മാലിന്യം നീക്കം നടക്കുന്നില്ല. പഞ്ചായത്ത് കമ്മിറ്റി യോഗം ചേര്‍ന്നിട്ടും ഇതു സംബന്ധിച്ചു തീരുമാനം എടുത്തില്ലെന്ന വിവരം അറിഞ്ഞു പ്രസിഡന്റിനെ കണ്ട് ചര്‍ച്ച ചെയ്യുക മാത്രമാണ് ഉണ്ടായതെന്നാണ് സാബു പറയുന്നത്. അതേസമയം നടപടിക്രമങ്ങള്‍ പാലിക്കാതെ മുന്‍ എല്‍ഡിഎഫ് ഭരണ സമിതി ഫണ്ട് വകമാറ്റി ചെലവഴിച്ചതായി പ്രവീണയും കോണ്‍ഗ്രസ് അംഗങ്ങളും ആരോപിച്ചു.