ന്യൂഡല്‍ഹി : ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രതിഷേധത്തിലടക്കം ദേശീയ തലത്തില്‍ ബദലായി ഉയര്‍ന്നുവരുന്നുവെന്ന് അവകാശപ്പെടുന്ന സി.പി.എമ്മിന് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ദയനീയ പ്രകടനം കാഴ്ചവെയ്ക്കാനാണ് കഴിഞ്ഞത്.
ഡല്‍ഹിയില്‍ സിപിഎം ഇക്കുറി മൂന്ന് സീറ്റുകളാണ് മത്സരിച്ചിരുന്നത്. ബദര്‍പൂര്‍ മണ്ഡലത്തില്‍ നിന്ന് ജഗദീഷ് ചന്ദ്, കര്‍വാള്‍ മണ്ഡലത്തില്‍ നിന്ന് രഞ്ജിത്ത് തിവാരി, വാസിര്‍പൂരില്‍ നിന്ന് ഷഹ്ദാര്‍ റാം എന്നിവരാണ് സിപിഎമ്മിനെ പ്രതിനിധീകരിച്ച് മത്സര രംഗത്ത് ഇറങ്ങിയത്. 70 സീറ്റുകള്‍ ആം ആദ്മി പാര്‍ട്ടിയും ബിജെപിയും പങ്കുവെച്ചെടുത്തപ്പോള്‍ സിപിഎം സീറ്റുകളുടെ എണ്ണത്തിലോ വോട്ടിംഗ് ശതമാനക്കണക്കിലോ ഏഴയലത്ത് പോലുമില്ല.
നോട്ടയുമായാണ് സിപിഎമ്മിന്റെ മത്സരം. നോട്ടയ്ക്ക് ദില്ലിയില്‍ 0.46 ശതമാനം വോട്ട് കിട്ടിയപ്പോള്‍ സിപിഎമ്മിനുളള വോട്ട് ശതമാനം വെറും 0.01 മാത്രമാണ്. മറ്റൊരു ഇടത് പാര്‍ട്ടിയായ സിപിഐയുടെ സ്ഥിതി വ്യത്യസ്തമല്ല. 0.02 ശതമാനമാണ് ഡല്‍ഹിയില്‍ സിപിഐക്ക് കിട്ടിയ വോട്ട്. അതേസമയം നോട്ടയ്ക്ക് 0.46 ശതമാനം വോട്ടാണ് ഉളളത്. ഡല്‍ഹിയില്‍ ഇക്കുറി മത്സരിച്ച പ്രധാന പാര്‍ട്ടികളില്‍ ഏറ്റവും കുറവ് വോട്ടാണ് സിപിഎമ്മിന്റെത്.
ബദര്‍പൂരില്‍ സിപിഎം സ്ഥാനാര്‍ത്ഥി ജഗദീഷ് ചന്ദിന് ആകെ കിട്ടിയ വോട്ടുകളുടെ എണ്ണം വെറും 154 ആണ്. 0.29 ശതമാനം വോട്ടാണ് ജഗദീഷ് ചന്ദിന് ലഭിച്ചത്. ആം ആദ്മി പാര്‍ട്ടിയാണ് ബദര്‍പൂരില്‍ വിജയിച്ചിരിക്കുന്നത്. പതിനായിരം വോട്ടിന്റെ ഭൂരിപക്ഷമാണ് ആപ് സ്ഥാനാര്‍ത്ഥി ഗോപാല്‍ റായിക്കുളളത്. ബിജെപിയുടെ നാഗേഷ് ഗൗര്‍ ആണ് രണ്ടാമതുളളത്. ആപ്പിന് 27,456 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബിജെപിക്ക് 22509 വോട്ട് കിട്ടി.
കര്‍വാള്‍ നഗറില്‍ സിപിഎമ്മിന്റെ രഞ്ജിത് തിവാരിക്ക് 247 വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. 0.3 ആണ് വോട്ടിംഗ് ശതമാനം. ഈ മണ്ഡലത്തില്‍ നോട്ടയ്ക്ക് 172 വോട്ടുകള്‍ ലഭിച്ചു. കര്‍വാള്‍ നഗറില്‍ വിജയം ബിജെപിക്കൊപ്പമാണ്. ബിജെപി സ്ഥാനാര്‍ത്ഥി മോഹന്‍ സിംഗ് ബിഷ്ട് 15,000ലധികം വോട്ടുകള്‍ക്കാണ് ജയിച്ചിരിക്കുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ ദുര്‍ഗേഷ് പതകിനെയാണ് ബിജെപി തോല്‍പ്പിച്ചത്.