ന്യൂഡല്‍ഹി: ശ്രീലങ്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട മാര്‍ക്‌സിസ്റ്റ് നേതാവ് അനുര കുമാര ദിസനായകെയെ അഭിനന്ദിച്ച് സിപിഎം. ശനിയാഴ്ചനടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ശ്രീലങ്കന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയായ ജനത വിമുക്തി പെരുമുന (ജെ.വി.പി) നേതാവ് ദിസനായകെ വിജയിച്ച പശ്ചാത്തലത്തിലാണ് അദ്ദേഹത്തെ അഭിനന്ദിച്ച് സിപിഎം പ്രസ്താവന പുറത്തിറക്കിയത്.
'ശ്രീലങ്കയുടെ പത്താമത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജെവിപി നേതാവ് സഖാവ് അനുര കുമാര ദിസനായകെയെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) ഊഷ്മളമായി അഭിനന്ദിക്കുന്നു. ശ്രീലങ്കയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു ഇടതുപക്ഷ സ്ഥാനാര്‍ഥി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചത് സുപ്രധാനവും ചരിത്രപരവുമായ സന്ദര്‍ഭമാണ്. ശ്രീലങ്കയുടെ ക്ഷേമത്തിനും സമഗ്രമായ വളര്‍ച്ചയ്ക്കും സാമൂഹ്യ-സാമ്പത്തിക വികസനത്തിനും ഈ വിജയത്തെ താങ്കള്‍ ഉപയോഗപ്പെടുത്തുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്', സിപിഎം പ്രസ്താവനയില്‍ പറയുന്നു.
ശനിയാഴ്ചനടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ 42.31 ശതമാനം വോട്ടുനേടിയാണ് ദിസനായകെ ജയിച്ചത്. ജനത വിമുക്തി പെരുമുനയുടെ നേതൃത്വത്തിലുള്ള വിശാലസഖ്യമായ നാഷണല്‍ പീപ്പിള്‍സ് പവറിന്റെ (എന്‍.പി.പി.) സ്ഥനാര്‍ഥിയായിരുന്നു അദ്ദേഹം. തിങ്കളാഴ്ച കൊളംബോയിലെ പ്രസിഡന്റ് സെക്രട്ടേറിയറ്റില്‍ നടക്കുന്ന ചടങ്ങില്‍ അദ്ദേഹം പ്രസിഡന്റായി സത്യപ്രതിജ്ഞചെയ്യും.