തിരുവനന്തപുരം: ഗവർണർ – സർക്കാർ പോര് മുറുകുന്നതിനിടെ പ്രതിരോധം തീർക്കാൻ സി.പി.എം. കേന്ദ്ര നേതൃത്വം രംഗത്ത്. മറ്റു പ്രതിപക്ഷ പാർട്ടികളെ കൂടി പങ്കെടുപ്പിച്ചു കൊണ്ട് ഗവർണറുടെ ഇടപെടലുകൾക്കെതിരെ ദേശീയതലത്തിൽ പ്രചാരണം നടത്തുന്നതിനെ സംബന്ധിച്ച് കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്തു വരുന്നതായാണ് വിവരം.
ഭരണത്തെ പോലും ബാധിക്കുന്ന തലത്തിലേക്കാണ് ഗവർണർ – സർക്കാർ പോര് നീങ്ങുന്നത്. സമീപകാല ചരിത്രത്തിലൊന്നും പാർട്ടിക്ക് സമാനമായ തരത്തിലുള്ള പ്രതിസന്ധി നേരിടേണ്ടി വന്നിട്ടില്ല. അതുകൊണ്ട് തന്നെ ഈ പ്രതിസന്ധി ജാഗ്രതയോടെ നേരിടാനാണ് പാർട്ടിയുടെ ശ്രമം. സർവകലാശാലകളുടെ ചാൻസലർ പദവിയിൽനിന്ന് ഗവർണറെ നീക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാനും പാർട്ടി തലത്തിൽ ധാരണ ആയതായാണ് റിപ്പോർട്ട്.
കേരളത്തിലെ സർവകലാശാലകളിൽ ഗവർണർ നടപ്പാക്കാൻ ശ്രമിക്കുന്നത് സംഘപരിവാർ അജണ്ട ആണെന്നാണ് ശനിയാഴ്ച ആരംഭിച്ച സി.പി.എം. കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ പൊതുവിലയിരുത്തൽ. കേരളത്തിൽ മാത്രമല്ല പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലും ഗവർണർമാർ സർക്കാരുകളെ പ്രതിരോധത്തിലാക്കുന്നതിനുള്ള ശ്രമം നടത്തുകയാണെന്ന് പാർട്ടി വിലയിരുത്തുന്നു. ഫെഡറൽ തത്വങ്ങൾക്കെതിരായ ഇത്തരം നടപടികൾക്കെതിരെ ദേശീയ തലത്തില്‍ പ്രചാരണങ്ങൾ സംഘടിപ്പിക്കാനാണ് പാർട്ടിയുടെ ശ്രമം. ഗവർണറുടെ നടപടിയിൽ നിയമപരമായ ചോദ്യം ചെയ്യപ്പെടേണ്ട കാര്യങ്ങൾ നിയമപരമായി ചോദ്യം ചെയ്യാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്.