ആലപ്പുഴ: നഗരസഭാധ്യക്ഷ തെരഞ്ഞെടുപ്പിനെച്ചൊല്ലി പൊട്ടിത്തെറിയുണ്ടായ ആലപ്പുഴ സി.പി.എമ്മില്‍ അച്ചടക്ക നടപടി തുടങ്ങി. മൂന്നു ബ്രാഞ്ച് സെക്രട്ടറിമാരോടും 16 പാര്‍ട്ടി അംഗങ്ങളോടും സിപിഎം ജില്ലാകമ്മിറ്റി വിശദീകരണം ചോദിച്ചതായാണു സൂചന. പ്രകടനത്തെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷനെ വച്ചേക്കാനും സാധ്യതയുണ്ട്.
സിപിഎം നേതൃത്വത്തിനെതിരേ പരസ്യ പ്രതികരണവുമായി ആലപ്പുഴയില്‍ ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചിരിന്നു. പാര്‍ട്ടിയില്‍ ഏറെ നാളത്തെ പരിചയമുള്ള ഏരിയാ കമ്മിറ്റി അംഗം കൂടിയായ കെ.കെ. ജയമ്മയെ അധ്യക്ഷയാക്കാതെ ഒരു തവണ മാത്രം കൗണ്‍സിലറായ സൗമ്യ രാജിനെ അധ്യക്ഷ പദവിയിലേക്കു തെരഞ്ഞെടുത്തതാണു പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.
സ്ത്രീകള്‍ അടക്കമുള്ള നൂറോളം പ്രവര്‍ത്തകര്‍ ചെങ്കൊടികളുമായി തെരുവിലിറങ്ങി. കോഴ വാങ്ങിയാണ് സൗമ്യ രാജിനെ തെരഞ്ഞെടുത്തതെന്നു പ്രവര്‍ത്തകര്‍ ആരോപിച്ചു. പി.പി ചിത്തരഞ്ജന്‍ അടക്കമുള്ള നേതാക്കള്‍ക്കെതിരേയാണ് പ്രധാനമായും മുദ്രാവാക്യമുയര്‍ന്നത്. ഇരവുകാട് വാര്‍ഡില്‍നിന്നാണു സൗമ്യ തെരഞ്ഞെടുക്കപ്പെട്ടത്.
എന്നാല്‍ പുറത്തുപോകാന്‍ ആഗ്രഹിക്കുന്നവരാണു തെരുവില്‍ ഇറങ്ങിയതെന്നു മന്ത്രി ജി.സുധാകരന്‍ പ്രതികരിച്ചു. പരസ്യപ്രകടനം തെറ്റായ നടപടിയാണെന്നും പ്രകടനത്തില്‍ പാര്‍ട്ടി അംഗങ്ങളുണ്ടെങ്കില്‍ പരിശോധിച്ച് നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.