തിരുവനന്തപുരം: ഇരട്ടവോട്ടുകള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ട തെളിവുകള്‍ക്കെതിരേ സി.പി.എം രംഗത്ത്. ചെന്നിത്തല വോട്ടര്‍മാരുടെ ഡാറ്റ ചോര്‍ത്താനുള്ള ശ്രമമാണ് നടത്തിയതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ആരോപിച്ചു. ഇരട്ടവോട്ട് രേഖകള്‍ പ്രസിദ്ധീകരിച്ചത് സിംഗപ്പൂര്‍ സെര്‍വറില്‍ നിന്നാണ്. ഗൗരവമുള്ള നിയമപ്രശ്‌നമാണ് ഇതില്‍ ഉണ്ടായിരിക്കുന്നതെന്നും എം.എ ബേബി ആരോപിച്ചു.
അതേസമയം ഇരട്ടവോട്ടില്‍ രമേശ് ചെന്നിത്തലയുടെ കണ്ടെത്തല്‍ മഹാകാര്യമല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതുവരെ പറഞ്ഞ കാര്യങ്ങള്‍ ഒന്നിച്ച് ഒരു വെബ്‌സൈറ്റിലാക്കി, എന്തോ മഹാകാര്യമെന്ന മട്ടില്‍ ചെന്നിത്തല പ്രചരിപ്പിക്കുകയാണ്. കോണ്‍ഗ്രസ് ബോധപൂര്‍വം ഇരട്ടവോട്ട് ചേര്‍ത്തെന്ന് സംശയമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇടതുപക്ഷത്തിനെതിരെ വികസന വിരോധികള്‍ അണിചേര്‍ന്നുകയാണ്. വ്യാജ കഥകള്‍ പ്രചരിപ്പിക്കാന്‍ നോക്കുന്നു. കേരളം അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് എന്ന് സര്‍വ്വേ കണ്ടെത്തിയിരുന്നു. ഏറ്റവും കൂടുതല്‍ രാജസ്ഥാനിലാണ്. വികസനത്തില്‍ കേരളം ബഹുകാതം മുന്നോട്ട് പോയി. ബൊഫോഴ്‌സ് മുതല്‍ 2ജി വരെ നടത്തിയവരാണ് കേരളത്തില്‍ അഴിമതിയെ കുറിച്ച് പറയുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
യുഡിഎഫിന്റെ നശീകരണ രാഷ്ട്രീയത്തെ സഹായിക്കാനാണ് കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഇറക്കുന്നത്. കിഫ്ബിയെ തകര്‍ത്തിട്ട് എന്താണ് ഇക്കൂട്ടര്‍ നേടാന്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. എല്‍ഡിഎഫ് നേതാക്കളെയും കുടുംബാംഗങ്ങളെയും നീചമായി കടന്നാക്രമിക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്. ഇവിടുത്തെ കാര്യങ്ങള്‍ കൃത്യമായി അറിയാത്ത നേതാക്കള്‍ പറന്നിറങ്ങി പറയുന്നത് ഏറ്റു പാടുകയാണ്. ആരോപണം ഉന്നയിക്കുന്നവരുടെ വിശ്വാസ്യതയാണ് ഇതിലൂടെ തകരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.