തിരുവനന്തപുരം : ഗവർണർക്കെതിരെ വീണ്ടും ആഞ്ഞടിച്ച് സി പി എം .കേന്ദ്ര സർക്കാരിനെതിരേയും കടുത്ത വിമർശനം ഉണ്ട്. സി പി എം മുഖപത്രമായ ദേശാഭിമാനിയിലാണ് ഗവർണർക്കെതിരേയും കേന്ദ്ര സർക്കാരിനെതിരേയും നിലപാടെടുത്ത് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തിയത്. ജനകീയ സർക്കാരിനെ അട്ടിമറിക്കാൻ ഗവർണർ ശ്രമിക്കുകയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു.
ഗവർണറെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ നോക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മോദി ഭരണത്തിന്‍റേയും ബി ജെ പിയുടെയും ചട്ടുകമായി മാറി. ജനങ്ങൾ തെരഞ്ഞെടുത്ത ജനകീയ സർക്കാരിനെ ഗവർണറെ ഉൾപ്പെടെ ഉപയോഗിച്ച് വളഞ്ഞ വഴികളിലൂടെ വരിഞ്ഞു മുറുക്കാനും ശ്വാസം മുട്ടിക്കാനും അട്ടിമറിക്കാനും നോക്കുകയാണ്.
ഗവർണർ പ്രവർത്തിക്കേണ്ടത് മന്ത്രിസഭാ തീരുമാനം അനുസരിച്ചാണെന്നും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറയുന്നു. , മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിന്‍റെ കണ്ണൂർ യൂണിവേഴ്സിറ്റിയിലെ നിയമനം സ്റ്റേ ചെയ്ത ഗവർണറുടെ നടപടിക്കെതിരെയാണ് സി പി എം നിലപാട് കടുപ്പിക്കുന്നത്.
കേന്ദ്ര ഏജൻസികളെ വിട്ടിരിക്കുന്നത് സംസ്ഥാന സർക്കാരിനെ പ്രതിസന്ധിയിലാക്കാനാണ് . കേരളത്തിലെ കോൺഗ്രസ് നേതാക്കളും കേന്ദ്രത്തെ അനുകൂലിക്കുകയാണെന്നും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ദേശാഭിമാനി ലേഖനത്തിൽ പറയുന്നു.
പ്രിയ വർഗീസിന്റെ നിയമനം സ്റ്റേ ചെയ്തത്തോടെ ഗവർണർ സർക്കാർ പോര് പാരമ്യത്തിൽ ആയി .ഗവർണറുടെ നടപടി ചോദ്യം ചെയ്ത് കണ്ണൂർ വി സി നാളെ ഹൈക്കോടതിയെ സമീപിക്കും.നടപടി ക്രമം പാലിക്കാതെ ആണ് സ്റ്റേ എന്നാണ് വാദം.അതെ സമയം വി സി യുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേ എന്നാണ് രാജ്ഭവൻ നിലപാട്.വിസി അടക്കമുള്ളവരുടെ ഹിയറിംഗ് നടത്തി നിയമനം റദ്ദാക്കാൻ ആണ് ഗവർണറുടെ നീക്കം. ഗവർണർക്കെതിരെ സിപിഎം രാഷ്ട്രീയ എതിർപ്പ് കൂടുതൽ കടുപ്പിക്കും.അതെ സമയം വിസി നിയമനത്തിൽ തന്റെ അധികാരം വെട്ടുന്ന ബില്ലിൽ ഒപ്പിടാതെ ഗവർണ്ണറൂം വിട്ട് വീഴ്ചക്കില്ല.
പ്രിയ വര്‍ഗീസിന്‍റെ നിയമന നടപടി ഗവര്‍ണര്‍ സ്റ്റേ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി ആര്‍ ബിന്ദു. നിയമനം നടത്തിയത് സര്‍വകലാശാലയെന്നും മറുപടി പറയേണ്ടത് വിസിയാണെന്നും മന്ത്രി വിശദീകരിച്ചു. നിയമനം നടത്തിയത് സര്‍ക്കാരല്ല. നിയമനവുമായി സര്‍ക്കാര്‍ യാതൊരു തരത്തിലും ബന്ധപ്പെടുന്നില്ല. യൂണിവേഴ്സിറ്റികളാണ് നിയമനം നടത്തുന്നത്. നിയമപ്രകാരം മാത്രമേ നിയമനം നടത്താന്‍ സാധിക്കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.
ഗവർണറുടെ നടപടിയെ ചോദ്യം ചെയ്ത കണ്ണൂര്‍ വി സി ഗോപിനാഥ് രവീന്ദ്രന്‍ കോടതിയെ സമീപിക്കുമെന്ന് പറഞ്ഞു. കണ്ണൂർ സർവകലാശാല ചട്ട പ്രകാരം സിന്‍റിക്കേറ്റ് തീരുമാനം റദ്ദാക്കാൻ ഗവര്‍ണര്‍ക്ക് അധികാരം ഇല്ലെന്നാണ് വിസിയുടെ വാദം. കാരണം കാണിക്കല്‍ നോട്ടീസില്‍ തുടര്‍നടപടികള്‍ മറ്റന്നാളെന്ന് വിസി പറഞ്ഞു. പ്രിയ വർഗീസിന് നിയമന ഉത്തരവ് രണ്ട് ദിവസത്തിനകം പുറപ്പെടുവിക്കുമെന്ന് വൈസ് ചാൻസലർ ഡോ ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞതിന് പിന്നാലെയാണ് ഗവർണറും സർവകലാശാല ചാൻസലറുമായ ആരിഫ് മുഹമ്മദ് ഖാന്‍ റാങ്ക് പട്ടിക മരവിപ്പിച്ചത്. 1996 ലെ കണ്ണൂർ സർവ്വകലാശാല ചട്ടത്തിലെ സെക്ഷൻ 7(3) പ്രകാരമാണ് ഗവര്‍ണറുടെ നടപടി. മലയാളം അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയുള്ള കണ്ണൂർ സർവ്വകലാശാല ജൂലൈ 27 ന് ഇറക്കിയ വിജ്ഞാപനം മരവിപ്പിച്ചു.
വിസി അടക്കമുള്ള ബന്ധപ്പെട്ടവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. യുജിസി നിഷ്ക്കർഷിക്കുന്ന എട്ടു വർഷത്തെ അധ്യാപന പരിചയം ഇല്ല എന്ന സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ പരാതി കണക്കിലെടുത്താണ് കടുത്ത നടപടി. കൂടുതൽ അധ്യാപന പരിചയം ഉള്ളവരെയും കൂടുതൽ റിസർച്ച് സ്കോറുള്ളവരെയും തഴഞ്ഞ് അഭിമുഖത്തിനെത്തിയവരിൽ ഏറ്റവും കുറഞ്ഞ റിസർച്ച് സ്കോറുള്ള പ്രിയക്ക് അഭിമുഖത്തിൽ ഒന്നാം റാങ്ക് നൽകി എന്ന് വ്യക്തമാക്കുന്ന വിവരാവകാശ മറുപടിയും ചാൻസിലര്‍ പരിഗണിച്ചു.