കണ്ണൂർ: കേരളത്തിൽ നിന്നും കേന്ദ്ര സെക്രട്ടറിയേറ്റ് മുൻ അംഗം എ വിജയരാഘവൻ (A VIjayaraghavan) സിപിഎം പൊളിറ്റ്ബ്യൂറോയിലേക്ക് (CPM polit bureau). മഹാരാഷ്ട്രയിൽ നിന്നും അശോക് ധാവ്ലയും ആദ്യ ദളിത് പ്രാതിനിധ്യമായി പശ്ചിമ ബംഗാളിൽ നിന്ന് രാമചന്ദ്ര ഡോമും പിബിയിലെത്താൻ ധാരണയായി. എസ് രാമചന്ദ്രൻ പിള്ളയുടെ ഒഴിവിലേക്കാണ് കേരളത്തിൽ നിന്നും കേന്ദ്ര തലത്തിൽ പ്രവർത്തിക്കാൻ വിജയരാഘവൻ എത്തുന്നത്. നിലവിൽ എൽഡിഎഫ് കൺവീനറായ വിജയരാഘവൻ നേരത്ത സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നു. പിബിയിലേക്കെത്തുമ്പോൾ അദ്ദേഹത്തിന് കേന്ദ്ര തലത്തിൽ പ്രവർത്തിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്.
പിബിയിലെ ദളിത് പ്രാതിനിധ്യം 23 ാം പാർട്ടി കോൺഗ്രസിൽ വളരെ പ്രധാന്യത്തോടെ പരിഗണിക്കപ്പെട്ടു. കേരളത്തിൽ നിന്നുള്ള ഒരംഗമായിരിക്കും ദളിത് പ്രാതിനിധ്യമായി പിബിയിലേക്കെത്തുകയെന്നായിരുന്നു ആദ്യ വിലയിരുത്തൽ. കെ രാധാകൃഷ്ണൻ, എകെ ബാലൻ എന്നിവർ പരിഗണിക്കപ്പെട്ടെങ്കിലും ഒടുവിൽ രാമചന്ദ്ര ഡോമിലേക്ക് ധാരണയാകുകയായിരുന്നു. നിലവിൽ കേന്ദ്ര കമ്മിറ്റി അംഗമാ യ രാമചന്ദ്ര ഡോം പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടറിയേറ് അംഗവും ദളിത് ശോഷൻ മുക്തി മഞ്ച് അദ്ധ്യക്ഷനുമാണ്.
എസ് രാമചന്ദ്രൻ പിള്ള, ഹന്നൻ മൊള്ള, ബിമൻ ബോസ്, സൂര്യകാന്ത് മിശ്ര എന്നീ പിബി അംഗങ്ങൾ ഇന്നലെ നടന്ന യോഗത്തിൽ ഒഴിയാൻ സന്നദ്ധത അറിയിച്ചു. പ്രായം പരിഗണിച്ച് എസ് ആർപി പിബിയിൽ നിന്നും ഒഴിയുന്നത് അംഗീകരിക്കപ്പെടും. എന്നാൽ സൂര്യകാന്ത് മിശ്ര തുടരണമെന്ന താല്പര്യമാണ് നേതൃത്വം പ്രകടിപ്പിച്ചത്. മന്ത്രിമാരായ പി രാജീവും കെ എൻ ബാലഗോപാലും കേന്ദ്ര കമ്മിറ്റിയിലെത്തും. സതീദേവിക്കും സിഎസ് സുജാതക്കും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. രാവിലെ ചേരുന്ന കേന്ദ്രകമ്മിറ്റി യോഗമാണ് പുതിയ സിസി അംഗങ്ങളിൽ അന്തിമ തീരുമാനമെടുക്കുക .
ചരിത്രത്തില്‍ സമാനതകളില്ലാത്ത പ്രതിസന്ധി സിപി എം നേരിടുമ്പോള്‍ പാര്‍ട്ടിയെ നയിക്കുകയെന്ന നിര്‍ണായക ദൗത്യമാണ് സീതാറാം യെച്ചൂരിയുടേത്. വിശാഖപട്ടണത്ത് നടന്ന ഇരുപത്തിയൊന്നാമത് പാർട്ടി കോണ്‍ഗ്രസിലാണ് യെച്ചൂരി ജനറല്‍ സെക്രട്ടറി പദത്തിലേക്ക് എത്തുന്നത്. എസ് രാമചന്ദ്രൻ പിള്ളയെ തലപ്പത്ത് എത്തിക്കാനുള്ള പ്രകാശ് കാരാട്ടിന്‍റെയും കേരളഘടകത്തിന്‍റെയും നീക്കത്തെ അതീജിവിച്ച് യെച്ചൂരി ജനറല്‍ സെക്രട്ടറിയായി. ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസില്‍ യെച്ചൂരിയെ മാറ്റാനുള്ള നീക്കത്തെ ബംഗാൾ ഘടകം മറികടന്നത് രഹസ്യ ബാലറ്റ് എന്ന നിർദ്ദേശത്തിലൂടെയാണ്. 1952ലാണ് സീതാറാം യെച്ചൂരിയുടെ ജനനം. കലുഷിതമായ തെലങ്കാന മുന്നേറ്റമുണ്ടായ അറുപതുകളുടെ അവസാനത്തോടെ ദില്ലിയിലേക്ക് മാറിയത് ജീവിതത്തില്‍ നിര്‍ണായകമായി.
പഠനകാലത്ത് സി ബി എസ് ഇ ഹയര്‍സെക്കന്‍ററി തലത്തില്‍ അഖിലേന്ത്യയില്‍ ഒന്നാം റാങ്ക് നേടിയിട്ടുണ്ട് സീതാറാം യെച്ചൂരി. സെന്‍റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് ബിരുദവും ജെഎന്‍യു സർവകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. കോളേജ് കാലത്ത് എസ്എഫ്ഐയിലൂടെയാണ് സജീവ രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്ക് എത്തുന്നത്. എല്ലാ അവകാശങ്ങളും റദ്ദാക്കപ്പെട്ട അടിയന്തരാവസ്ഥകാലത്ത് നിർഭയം പോരാട്ടത്തിനിറങ്ങി അറസ്റ്റ് വരിച്ചു. 32 ആം വയസ്സില്‍ കേന്ദ്ര കമ്മിറ്റിയിലും നാല്‍പ്പതാമത്തെ വയസ്സില്‍ പൊളിറ്റ്ബ്യൂറോയിലും അംഗമായി.