KeralaNews

പാര്‍ട്ടി പ്രസിഡണ്ടിനെ പുറത്താക്കാന്‍ സി.പി.എം അവിശ്വാസം,പിന്തുണച്ച് കോണ്‍ഗ്രസ്‌; രാമങ്കരി പഞ്ചായത്ത് ഭരണം സിപിഎമ്മിന് നഷ്ടമായി

ആലപ്പുഴ:കാൽനൂറ്റാണ്ടായി സിപിഎം ഭരിച്ചു വന്ന രാമങ്കരി പഞ്ചായത്ത് ഭരണം പാര്‍ട്ടിക്ക് നഷ്ടപ്പെട്ടു. രൂക്ഷമായ വിഭാഗീയത തുടർന്ന് പാര്‍ട്ടിയുമായി അകന്ന  പഞ്ചായത്ത് പ്രസിഡന്‍റ്  രാജേന്ദ്രകുമാറിനെതിരെ കോൺഗ്രസിനൊപ്പം ചേര്‍ന്ന് 4 സിപിഎം അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. നേതൃത്വവുമായുള്ള ഭിന്നതയെ തുടർന്ന് കുട്ടനാട്ടില്  300 ലേറെ പേർ സിപിഎം വിട്ട് സിപിഐയിൽ ചേർന്നതിന് നേതൃത്വം കൊടുത്തത് രാജേന്ദ്രകുമാർ ആയിരുന്നു.

13 അംഗ പഞ്ചായത്തിൽ സിപിഎമ്മിന് 9ഉം യുഡിഎഫിന് നാലും അംഗങ്ങളാണുള്ളത്. ഇതിൽ  സിപിഎമ്മിന്‍റെ നാല്  അംഗങ്ങളുടെ കൂടി  പിന്തുണയോടെയാണ്  അവിശ്വാസപ്രമേയം പാസായത്. ഇതോടെ കാല്‍ നൂറ്റാണ്ടായി സിപിഎം ഭരിച്ചിരുന്ന പഞ്ചായത്ത്  യുഡിഎഫിന്‍റ്  കൈകളിലേക്ക് എത്താനും വഴി തുറന്നു.  ആറ് മാസമായി  മാനസികമായി സിപിഎമ്മില്‍ നിന്നും അകന്നു നിന്ന താന‍് ഔദ്യോഗികമായി സിപിഐയില്‍ചേരുകയാണെന്ന് അവിശ്വാസപ്രമേയം പാസായതിന് പിന്നാലെ രാജേന്ദ്രകുമാര് പറഞ്ഞു

കഴിഞ്ഞ സെപ്റ്റംബറിലാണ് കുട്ടനാട് സിപിഎമ്മിലെ വിഭാഗീയത പൊട്ടിത്തെറിയിലേക്ക് എത്തി  , 300 ഓളം സിപിഐയിൽ ചേർന്നത്. ആർ രാജേന്ദ്രകുമാറാണ് ഇതിന് നേതൃത്വം കൊടുത്തതെങ്കിലും  കൂറുമാറ്റ നിയമത്തെ പേടിച്ച  രാജേന്ദ്രകുമാറും അദ്ദേഹത്തെ പിന്തുണക്കുന്ന നാല് അംഗങ്ങളും  ഔദ്യോഗികമായി പാർട്ടി വിട്ടിരുന്നില്ല. 

പ്രസിഡന്‍റ് സ്ഥാനത്ത്  തുടര്‍ന്ന  രാജേന്ദ്രകുമാർ അടക്കമുള്ള  വിമതപക്ഷത്തെ തകർക്കാനാണ്  കോൺഗ്രസിനെ കൂട്ടുപിടിച്ചുകൊണ്ട് ഒരു വിഭാഗം  സിപിഎം അംഗങ്ങള്‍  അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. സിപിഎം ജില്ല നേതൃത്വത്തിന്‍റെ മൗനസമ്മതവും ഇതിന് പിന്നിലുണ്ടെന്ന ആരോപണവും ഉയര്ന്നരുന്നു.

പാര്‍ട്ടിയോട് ആലോചിക്കാതെയാണ് സിപിഎം അംഗങ്ങള് അവിശ്വാസം കൊണ്ടുവന്നതെന്ന് വിശദീകരിച്ച ജില്ലാ നേതൃത്വം , പക്ഷെ അംഗങ്ങള്‍ക്ക് വിപ്പ് കൊടുത്തില്ല എന്നത് ശ്രദ്ധേയമാണ് . അവിശ്വാസത്തെ പിന്തുണച്ച സിപിഐ പഞ്ചായത്ത് അംഗങ്ങളുടെത് ഒരു  വികാര പ്രകടനായി കണ്ടാല്‍ മതിയെന്നായിരുന്നു രാമങ്കരി ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ പ്രതികരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button