കോട്ടയം: ഈരാറ്റുപേട്ട പാർട്ടിയിലെ (Erattupetta CPM) തെറ്റായ പ്രവണത അംഗീകരിക്കാൻ കഴിയില്ലെന്ന് സിപിഎം ജില്ലാ നേതൃത്വം( CPM district leadership). നേതാക്കളെയും പ്രവർത്തകരെയും തിരുത്തി മുന്നോട്ടു പോകും. ഈരാറ്റുപേട്ട നഗരസഭയിൽ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ ജാഗ്രത കുറവുണ്ടായത് കൊണ്ടാണ് നടപടി എടുത്തതെന്നും എവി റസ്സൽ പറഞ്ഞു.
ഈരാറ്റുപേട്ടയിലെ പ്രത്യേക സാഹചര്യവും സംഭവ വികാസങ്ങളും സിപിഎം ജില്ലാ നേതൃത്വത്തെ പ്രതിരോധത്തിൽ ആക്കിയിരുന്നു. ലോക്കൽ കമ്മിറ്റി കൈയടക്കാൻ ഒരു വിഭാഗം ശ്രമം നടത്തിയതോടെ സമ്മേളനം തന്നെ റദ്ദാക്കിയിരുന്നു. ഈ സംഭവത്തിൽ 12 പേർക്കെതിരെ പാർട്ടി നടപടി വന്നു. വർഗീയ പരാമർശം നടത്തിയ നഗരസഭാ കൗൺസിലർ അനസ് പാറയിലിന്റെ നടപടി അംഗീകരിക്കാനാവില്ല. അനസിന് തന്നെ തെറ്റ് മനസിലായിട്ടുണ്ട്.
ഈരാറ്റുപേട്ട നഗരസഭയിൽ അവിശ്വാസ പ്രമേയം പ്രമേയത്തിൽ വേണ്ടത്ര കൂടിയാലോചന ഉണ്ടായില്ല. ഈ നീക്കം പൊതു സമൂഹത്തിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കി. അതിനാലാണ് ഏരിയാ കമ്മിറ്റി അംഗങ്ങളെ തരംതാഴ്ത്തിയത്. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ പാലായിലും കടുത്തുരുത്തിയിലും ജാഗ്രത കുറവുണ്ടായി. എന്നാൽ നടപടിയെടുക്കേണ്ട സാഹചര്യമില്ല. ജില്ലയിൽ സിപിഎം നിർമ്മിച്ച നൂറാമത്തെ വീടിന്റെ താക്കോൽദാനം നാളെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിർവ്വഹിക്കുമെന്നും ജില്ലാ സെക്രട്ടറി അറിയിച്ചു.
എസ്ഡിപിഐ (SDPI) ബന്ധത്തിന്‍റെ പേരിൽ ഈരാറ്റുപേട്ട സിപിഎമ്മിൽ (CPM) നടപടിയുണ്ടായിരുന്നു. മുൻ ലോക്കൽ സെക്രട്ടറിയേയും ഏരിയാ കമ്മിറ്റി അംഗത്തേയും പൂഞ്ഞാർ ഏരിയാ കമ്മിറ്റിയിൽ നിന്ന് തരം താഴ്ത്തി. ഈരാറ്റുപേട്ട നഗരസഭയിൽ അവിശ്വാസ പ്രമേയം കൊണ്ട് വന്ന് എസ്ഡിപിഐ പിന്തുണയ്ക്കുന്നതിന് അവസരമൊരുക്കിയതാണ് നടപടിക്ക് കാരണമായത്. സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരമാണ് തരംതാഴ്ത്തൽ.
ഈരാറ്റുപേട്ട നഗരസഭയിൽ സിപിഎം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ എസ്ഡിപിഐ പിന്തുണച്ചത് സംസ്ഥാന തലത്തിൽ തന്നെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. ബിജെപിയും കോൺഗ്രസും സിപിഎം എസ്ഡിപിഐ ബന്ധമെന്ന ആരോപണമുയർത്തി. ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റി പാർട്ടിയെ അവമതിപ്പിലേക്ക് തള്ളിവിട്ടെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് തരംതാഴ്ത്തൽ.
മുൻ ലോക്കൽ സെക്രട്ടറി കെ എം ബഷീറിനെതിരെയും ഏരിയാ കമ്മിറ്റി അംഗം എംഎച്ച് ഷെനീറിനെതിരയുമാണ് നടപടി. എസ്ഡിപിഐ പിന്തുണയില്ലാതെ അവിശ്വാസം വിജയിക്കില്ലെന്ന് വ്യക്തമായിട്ടും അതുമായി മുന്നോട്ട് പോയി. അവിശ്വാസം പാസായെങ്കിലും പിന്നീട് ഇവിടെ യുഡിഎഫ് തന്നെ അധികാരത്തിലെത്തി. ഇതെല്ലാം പാർട്ടിക്ക് നാണക്കേടായി എന്നാണ് വിലയിരുത്തല്‍.