ജയ്പൂര്‍: രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റ സ്ഥാനാര്‍ത്ഥിയെ പോലും വിജയിപ്പിക്കാനാകാതെ സിപിഐഎം. 17 സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ച സിപിഐഎം മുഴുവന്‍ സീറ്റിലും പരാജയപ്പെട്ടു. ബാന്ദ്രയിലും രാംഗഢിലും ആദ്യഘട്ടത്തില്‍ സിപിഐഎം ലീഡ് ചെയ്‌തെങ്കിലും നിലനിര്‍ത്താനായില്ല. രാജസ്ഥാനില്‍ നിന്നും ഇത്തവണ റെക്കോര്‍ഡ് നമ്പര്‍ എംഎല്‍എമാരെ നിയമസഭയിലേക്ക് അയക്കുമെന്നായിരുന്നു സിപിഐഎം അവകാശവാദം.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളിലാണ് സിപിഐഎം വിജയിച്ചത്. ദുനഗര്‍ഗര്‍, ഭാന്ദ്ര മണ്ഡലങ്ങിലാണ് വിജയിച്ചു കയറിയത്. ഭാന്ദ്രയില്‍ നിന്നുള്ള സിറ്റിംഗ് എംഎല്‍എയായ ബല്‍വാന്‍ പൂനിയക്ക് ഇത്തവണ വിജയിക്കാനായില്ല. ബിജെപിയുടെ സഞ്ജീവ് കുമാറാണ് ലീഡ് ചെയ്യുന്നത്.
ദന്ത റാംഗര്‍ മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയ സംസ്ഥാന സെക്രട്ടറിയും മൂന്ന് തവണ എംഎല്‍എയുമായ അമ്ര റാം പരാജയപ്പെട്ടു. 1962ലാണ് രാജസ്ഥാനില്‍ സിപിഐഎം ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ വിജയിച്ചത്. അഞ്ചു സീറ്റുകളിലാണ് അന്ന് വിജയിച്ചത്. 2003ലും 2013ലും സിപിഐഎമ്മിന് ഒറ്റ എംഎല്‍എമാരും ഉണ്ടായിരുന്നില്ല.
2008 ലും 2018 ലും നടന്ന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വിജയിക്കുകയും സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തപ്പോള്‍, യഥാക്രമം മൂന്ന്, രണ്ട് സീറ്റുകള്‍ സിപിഐഎം നേടിയിരുന്നു.