തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന്‍ ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വൈകുന്നത് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണക്ക് കാരണമാകുമെന്ന് സി.പി.എം. രവീന്ദ്രന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാല്‍ ഉടന്‍ തന്നെ ചോദ്യം ചെയ്യലിന് ഹാജരാകുന്നതാണ് ഉചിതമെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം വിലയിരുത്തി.
രോഗം ഭേദമായതിനെ തുടര്‍ന്ന് സി.എം.രവീന്ദ്രന്‍ ഇന്ന് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായി. കൊവിഡാനന്തര ചികിത്സകള്‍ക്കായി രണ്ട് ദിവസം മുമ്പാണ് സി.എം.രവീന്ദ്രനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് എന്‍ഫോഴ്സ്മെന്റെ ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് സി.എം.രവീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്.
ആഴ്ചകളോളം നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന രവീന്ദ്രന്റെ പരിശോധനാ ഫലം നെഗറ്റീവായി ആശുപ്രതി വിട്ടതിനെ തുടര്‍ന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി വീണ്ടും നോട്ടീസ് നല്‍കി. വെള്ളിയാഴ്ച ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍ കൊവിഡാനന്തര ചികില്‍സകള്‍ക്കായി ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച രവീന്ദ്രന് വിദഗ്ധ ചികില്‍സ ആവശ്യമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഇത് സംബന്ധിക്കുന്ന മെഡിക്കല്‍ രേഖകളും അധികൃതര്‍ ഇ.ഡിക്ക് കൈമാറി.
അതേസമയം രവീന്ദ്രന് ബിനാമി ഇടപാടുകളുള്ളതായി ഇഡി സംശയിക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഇന്ന് വടകരയിലെ മൂന്ന് സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് സംഘം റെയ്ഡ് നടത്തി.അലന്‍സോളി, അപ്പാസണ്‍സ്, വിവോ എന്നീ സ്ഥാപനങ്ങളിലാണ് അന്വേഷണ സംഘം റെയ്ഡ് നടത്തിയത്.രവീന്ദ്രന്റെ ആശുപത്രി വാസത്തില്‍ കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സംശയം ഉന്നയിച്ചിരുന്നു. ഇതിന് പിന്നലെയാണ് ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാല്‍ ഉടന്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സി.പി.എം നിര്‍ദേശം.