ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ കായംകുളം സിപിഎമ്മിൽ പോര് രൂക്ഷമാകുന്നു. മന്ത്രി ജി. സുധാകരൻ നാളെ ഉദ്ഘാടനം ചെയ്യുന്ന മുട്ടേൽ പാലത്തിന്‍റെ പോസ്റ്റർ ഏരിയ കമ്മിറ്റിയുടെ ഫേസ്ബുക്കിൽ പേജിൽ വന്നപ്പോൾ അതിൽ സ്ഥലം എംഎൽഎ യു. പ്രതിഭയില്ല. പാർട്ടി അനുഭാവികളും പ്രവർത്തകരും പ്രതിഭയുടെ ചിത്രം മറുപടിയായി പോസ്റ്റ് ചെയ്ത് രൂക്ഷവിമർശനമാണ് ഉന്നയിക്കുന്നത്. നിയമസഭാ സീറ്റ് മോഹിച്ച് രംഗത്തുള്ള ചില നേതാക്കളാണ് എംഎൽഎയ്ക്കെതിരായ നീക്കങ്ങൾക്ക് പിന്നിൽ ചരടുവലിക്കുന്നത്.
ഏഴരക്കോടിയിലധികം രൂപ മുടക്കി പൊതുമരാമത്ത് വകുപ്പ് പൂർത്തീകരിച്ച മുട്ടേൽ പാലത്തിന്‍റെ ഉദ്ഘാടനം നാളെയാണ്. പാലത്തിന്‍റെ ക്രെഡിറ്റ് പൂർണ്ണമായും മന്ത്രി ജി. സുധാകരന് നൽകുകയാണ് സിപിഎം കായംകുളം ഏരിയ കമ്മിറ്റി. ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വന്ന പോസ്റ്ററിൽ സ്ഥലം എംഎൽഎ യു. പ്രതിഭയില്ല. ഇതിനെതിരെ പാർട്ടി പ്രവർത്തകരും അനുഭാവികളും രൂക്ഷവിമർശനമാണ് ഉന്നയിക്കുന്നത്.
പ്രതിഭയുടെ ചിത്രം വച്ച് മറുപടി നൽകുന്നവർ, സീറ്റ് മോഹികളുടെ നീക്കം വിലപ്പോകില്ലെന്നും പരസ്യമായി പറയുന്നു. കായംകുളം എംഎൽഎ യു. പ്രതിഭയും ഒരു വിഭാഗം സിപിഎം നേതാക്കളുമായി പോര് തുടങ്ങിയിട്ട് നാളേറെയായി. കൊവിഡ് കാലത്ത് പോലും എംഎൽഎ – ഡിവൈഎഫ്ഐ പോര് പരസ്യമായിരുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യു. പ്രതിഭയ്ക്ക് പാർട്ടി സീറ്റ് നൽകില്ലെന്ന് ഒരുവിഭാഗം നേതാക്കൾ പ്രചരിപ്പിക്കുന്നു. ഏരിയ ഭാരവാഹികൾ മുതൽ ജില്ലാ കമ്മിറ്റി അംഗങ്ങൾ വരെ ഇതിലുണ്ട്. പലരും കായംകുളം സീറ്റിൽ മത്സരിക്കാൻ തയ്യാറെടുക്കുന്നവരുമാണ്.