ഇടുക്കി: വിൽക്കാനായി കഞ്ചാവ് കെെവശം സൂക്ഷിച്ച സിപിഐഎം നേതാവടക്കം രണ്ടു പേർ അറസ്റ്റിൽ. കൊന്നത്തടി ചിന്നാർ നിരപ്പ് പുല്ലാട്ട് സിബി (57), ചിന്നാർ നിരപ്പ് അമ്പാട്ട് ഷിന്റോ (44) എന്നിവരാണ് പൊലീസ് പിടിയിലായത്.
സിപിഐഎം ഇരുമലക്കപ്പ് കാപ്പുഴി ബ്രാഞ്ച് സെക്രട്ടറിയും വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി അംഗവുമാണ് പിടിയിലായ സിബി. വിൽപ്പനയ്ക്കായി സൂക്ഷിച്ച നാലു കിലോഗ്രാം കഞ്ചാവാണ് ഇവരുടെ കെെവശം ഉണ്ടായിരുന്നത്.
ചിന്നാർ ചപ്പാത്തിന് സമീപമുള്ള ബസ് സ്റ്റോപ്പിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. ഇവർ കയ്യിൽ കരുതിയിരുന്ന ബാഗിൽ നിന്നാണ് ഉണക്കി സൂക്ഷിച്ചിരുന്ന കഞ്ചാവു കണ്ടെടുത്തത്.
ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് ടീം മുരിക്കാശേരി പൊലീസുമായി ചേർന്നു നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. മുരിക്കാശ്ശേരി എസ്എച്ച്ഒ എൻ എസ് റോയി, എസ്ഐ സി ടി ജിജി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.