KeralaNews

പാലായിലെ തോല്‍വിക്ക് കാരണം ജോസ് കെ മാണിയുടെ ജനകീയതയില്ലായ്മ; വിമര്‍ശനവുമായി സി.പി.ഐ

തിരുവനന്തപുരം: ജോസ് കെ മാണി ജനകീയനല്ലെന്ന വിമര്‍ശനവുമായി സിപിഐ രംഗത്ത്. പാലായിലെ തോല്‍വിക്ക് കാരണം ജോസ് കെ മാണിയുടെ ജനകീയത ഇല്ലായ്മയാണെന്ന് സിപിഐ തെരഞ്ഞെടുപ്പ് അവലോകന സമിതിയുടെ റിപ്പോര്‍ട്ട്. പാലായിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ കേരള കോണ്‍ഗ്രസ് (എം) പ്രവര്‍ത്തകര്‍ നിസംഗരായിരുന്നു. കേരള കോണ്‍ഗ്രസ് എമ്മിനെ ഇടതുപക്ഷത്തിലെ ഒരു വിഭാഗം ഉള്‍ക്കൊണ്ടില്ലെന്നും സിപിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

നേരത്തെ തന്നെ കേരള കോണ്‍ഗ്രസ് എമ്മിനെതിരെ സിപിഐ വിമര്‍ശനമുന്നയിച്ചിരുന്നു. ഇടതുപക്ഷത്തിലേക്ക് ഘടകകക്ഷികള്‍ വന്നിട്ടും തെരഞ്ഞെടുപ്പില്‍ അത് വോട്ട് വിഹിതം കൂട്ടിയില്ലെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം. ഇതിനുപിന്നാലെയാണ് ജോസ് കെ മാണിയുടെ പേര് എടുത്തുപറഞ്ഞുള്ള വിമര്‍ശനം.

പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ ജനകീയനായിരുന്നെന്നും ഇടതുമുന്നണിയുടെ തോല്‍വിക്ക് ഇതുകാരണമായെന്നും സിപിഐ വിലയിരുത്തി. കേരള കോണ്‍ഗ്രസ് എമ്മിനെ ഇടതുപക്ഷത്തെ ഒരു വിഭാഗത്തിന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരും തെരഞ്ഞെുപ്പ് സമയത്ത് നിസംഗരായിരുന്നു.

പാലായില്‍ ഇടതുമുന്നണിയുടെ ലീഡ് ഒരു പഞ്ചായത്തില്‍ മാത്രമായി ഒതുങ്ങിയെന്നും സിപിഐ വിമര്‍ശിച്ചു. കുണ്ടറയില്‍ ജെ മേഴ്സിക്കുട്ടിയമ്മയുടെ സ്വഭാവ രീതിയാണ് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായതെന്നും സിപിഐ അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. കുണ്ടറയിൽ വിജയിച്ച യു.ഡി.എഫ്. സ്ഥാനാർഥി പി.സി. വിഷ്ണുനാഥ് വിനയശീലനാണെന്നും സി.പി.ഐ. അവലോകന റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, പീരുമേട്ടിലും മണ്ണാർക്കാട്ടും സംഘടനാപരമായ വീഴ്ചയുണ്ടായെന്ന് സി.പി.ഐ വിലയിരുത്തൽ. നാട്ടികയിൽ മുൻ എം.എൽ.എ. ഗീത ഗോപി തെരെഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി പ്രവർത്തിച്ചില്ലെന്നും വിമർശനം. മണ്ണാർക്കാട് മണ്ഡലത്തിലെ തോൽവിക്ക് നിരവധി കാരണങ്ങൾ ഉണ്ടെന്ന് റിപ്പോർട്ട്.

സി.പി.ഐയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ സി.പി.ഐ.എമ്മിന് കടുത്ത വിമർശനം. കരുനാഗപ്പള്ളി, ഹരിപ്പാട് മണ്ഡലങ്ങളിൽ സി.പി.ഐ.എമ്മിന് വീഴ്ചയുണ്ടായെന്ന് സി.പി.ഐ. അവലോകന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സി.പി.ഐ.എമ്മിന്റെ വോട്ട് ചോർന്നുവെന്നും ഘടകകക്ഷികൾ മത്സരിച്ച മണ്ഡലങ്ങളിലാണ് വീഴ്ച സംഭവിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button