തിരുവനന്തപുരം: സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെയും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും വിമർശിച്ച് സി പി ഐ തിരുവനന്തപുരം ജില്ലാ സമ്മേളനം. എം എം മണി സി പി ഐയുടെ ദേശീയ നേതാവ് ആനി രാജയെ വിമർശിച്ചപ്പോൾ തിരുത്താൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്നായിരുന്നു കാനത്തിനെതിരായ വിമർശനം.
42 വാഹനങ്ങളുടെ അകമ്പടിയിൽ സഞ്ചരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഇടതുപക്ഷത്തിന്റെ മുഖമല്ലെന്നായിരുന്നു സമ്മേളനത്തിൽ ഉയർന്ന മറ്റൊരു വിമർശനം. മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ട് സഞ്ചരിക്കുകയാണെന്നും സി പി ഐ മന്ത്രിമാരുടെ വകുപ്പുകൾ സി പി എം ഹൈജാക്ക് ചെയ്യുകയാണെന്നും സമ്മേളനത്തിൽ വിമർശനം ഉയർന്നു.
സിൽവർ ലൈൻ വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുന്ന പദ്ധതിയാണെന്നും എന്നാൽ ഇതിനെതിരെ സി പി ഐ നേതൃത്വം ഒരു നിലപാടെടുക്കുന്നില്ലെന്നും സമ്മേളനത്തിൽ അഭിപ്രായം ഉയർന്നു. പൊതുമേഖല സ്ഥാപനങ്ങൾ തകരുമ്പോഴും മിണ്ടാതെ ഇരിക്കുകയാണ് സി പി ഐയെന്നും കെ എസ് ഇ ബിയേയും കെ എസ് ആർ ടി സിയേയും സർക്കാർ തകർക്കുകയാണെന്നും സമ്മേളനത്തിൽ പ്രതിനിധികൾ അഭിപ്രായപ്പെട്ടു.