കൊച്ചി: എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജ് ക്യാമ്പസിൽ അലഞ്ഞു തിരിഞ്ഞ പശുവിനെ ജീവനക്കാരൻ വിറ്റു. എറണാകുളം മെഡിക്കൽ കോളേജിലെ ഡ്രൈവർ ബിജു മാത്യുവാണ് പശുവിനെ വിറ്റത്. കളമശേരി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പശുവിനെ കച്ചവടക്കാർക്ക് കൈമാറുന്നതിനിടെയാണ് ബിജു മാത്യു പിടിയിലായത്. പ്രതി ഇത്തരത്തിൽ നേരത്തേയും കന്നുകാലികളെ വിറ്റിരുന്നതായി സംശയമുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
കന്നുകാലികളെ മോഷ്ടിച്ച വിൽക്കുന്നത് പതിവായിരുന്നുവെന്നാണ് വിവരം. കന്നുകാലികളെ കാണാതായതിൽ നേരത്തെ പരാതി ഉയർന്നിരുന്നു. ക്യാംപസിൽ അലഞ്ഞുനടക്കുന്ന കന്നുകാലികൾക്ക് ഭക്ഷണവും വെള്ളവും നൽകി ഇണക്കിയെടുക്കാറുണ്ട്. പിന്നീട് കച്ചവടക്കാരുമായി കരാറുണ്ടാക്കി ഇണങ്ങിയ പശുവിനെ വിൽക്കുന്നതായിരുന്നു ഇയാളുടെ രീതി.
മെഡിക്കൽ കോളേജിലെ ക്യാംപസിന് സമീപത്തെ വീടുകളിൽ നിന്ന് കന്നുകാലികളെ മേയാനായി ക്യാംപസിനകത്ത് വിടാറുണ്ട്. ഇത്തരത്തിൽ വിട്ട പശുക്കളെ കാണാതായതായി നേരത്തെ പരാതി ഉയർന്നിരുന്നു. ഇവയെയും ബിജു മാത്യു ഇണക്കിയെടുത്ത് വിറ്റതാണോയെന്ന് സംശയിക്കുന്നുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.