ലണ്ടന്‍: ബ്രിട്ടണിലെ ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാല വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരമെന്ന് വിവരം. 1077 പേരില്‍ നടത്തിയ പരീക്ഷണമാണ് വിജയം കണ്ടത്. വാക്‌സിന്‍ സ്വീകരിച്ച ആര്‍ക്കും തന്നെ ആരോഗ്യപ്രശ്‌നങ്ങളുണ്ടായിട്ടില്ലെന്നും വാക്‌സിന്‍ സ്വീകരിച്ചവരുടെ പ്രതിരോധ ശേഷി വര്‍ധിച്ചതായും ശാസ്ത്രജ്ഞര്‍ അറിയിച്ചു.
അതേസമയം ആദ്യഘട്ട പരീക്ഷണം വിജയകരമാണെങ്കിലും അടുത്ത രണ്ട് ഘട്ടങ്ങള്‍ കൂടി വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ മാത്രമേ വാക്‌സിന്‍ വിപണിയില്‍ എത്തിക്കൂ. പതിനായിരത്തിലേറെ പേരിലാണ് അടുത്ത ഘട്ടത്തില്‍ വാക്‌സിന്‍ പരീക്ഷിക്കുക. വാക്‌സിന്‍ വികസനത്തിന്റെ ഏറ്റവും അവസാനത്തേയും നിര്‍ണായകവുമായ കടമ്പയാണ് മനുഷ്യരിലെ പരീക്ഷണം.
ലോകത്തെ നൂറിലേറെ ശാസ്ത്രസംഘങ്ങള്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ നിര്‍മ്മാണത്തിനായി നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ തുടക്കം മുതല്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷ സൃഷ്ടിച്ചത് ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയുടെ AZD1222 എന്ന് പേരിട്ടിരിക്കുന്ന ഈ വാക്‌സിനായിരുന്നു. ഇന്ത്യന്‍ കമ്പനിയായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടും വാക്‌സിന്‍ നിര്‍മ്മാണവുമായി സഹകരിക്കുന്നുണ്ട്.
വാക്‌സിന്‍ വിജയകരമാവുന്ന പക്ഷം ഇന്ത്യയില്‍ വാക്‌സിന്‍ ലഭ്യമാക്കുക പൂണെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ കമ്പനിയാവും. വാക്‌സിന്‍ പരീക്ഷണം അന്തിമഘട്ടത്തില്‍ എത്തിയതിന് പിന്നാലെ തന്നെ ബ്രീട്ടിഷ് സര്‍ക്കാര്‍ നൂറ് മില്യണ്‍ യൂണിറ്റ് വാക്‌സിന്‍ നിര്‍മ്മിക്കാനുള്ള ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.