ഡല്‍ഹി ഇന്ത്യയില്‍ കൊവിഡ് പ്രതിരോധ മരുന്നിന്റെ പരീക്ഷണം തുടങ്ങി. ഡല്‍ഹി എയിംസിലാണ് മനുഷ്യരില്‍ കൊവാക്സിന്‍ പരീക്ഷണം തുടങ്ങിയത്. 18 മുതല്‍ 55 വയസുവരെ പ്രായമുള്ളവരിലാണ് ആദ്യഘട്ട പരീക്ഷണം നടത്തുന്നത്. 375 പേരിലാണ് ആദ്യഘട്ട പരീക്ഷണം നടത്തുന്നതെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ വ്യക്തമാക്കി.
രാജ്യത്ത് തദ്ദേശീയമായി കൊവിഡ് പ്രതിരോധ വാക്സിന്‍ വികസിപ്പിക്കുന്നതിന് ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഡല്‍ഹി എയിംസിലും ഹൈദരാബാദിലെ നിസാം ഇന്‍സ്റ്റിറ്റ്യൂട്ടിലുമാണ് നിലവില്‍ മനുഷ്യരില്‍ കൊവാക്സിന്‍ മരുന്ന് പരീക്ഷണം തുടങ്ങിയത്. ഈവര്‍ഷം അവസാനത്തോടെ വാക്സിന്‍ പുറത്തിറക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എയിംസ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. സഞ്ജയ് റായ് പറഞ്ഞു.
അതിനിടെ മനുഷ്യരിലെ മരുന്ന് പരീക്ഷണത്തിന്റെ വിശദാംശങ്ങള്‍ എയിംസ് അധികൃതര്‍ പുറത്തുവിട്ടു. മൂന്ന് ഘട്ടമായാണ് മരുന്ന് പരീക്ഷണം നടക്കു. ആദ്യഘട്ട പരീക്ഷണം 18 മുതല്‍ 55 വയസ് വരെയുള്ള 375 പേരിലാണ്. രണ്ടാം ഘട്ടം 12 മുതല്‍ 65 വയസ് വരെയുള്ള 750 പേരിലും. ആറ് മാസത്തെ പരീക്ഷണം ആവശ്യമാണ്. ഈവര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ രാജ്യത്തിന് സ്വന്തമായി വാക്സിന് സാധ്യതയുണ്ടെന്നും ഡോ. സഞ്ജയ് റായ് പറഞ്ഞു.
രാജ്യത്ത് പന്ത്രണ്ട് ഇടങ്ങളിലാണ് പരീക്ഷണം പുരോഗമിക്കുന്നത്. ഭാരത് ബയോടെകും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും സംയുക്തമായി നിര്‍മിച്ച കൊവാക്സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറലാണ് അനുമതി നല്‍കിയത്.