തിരുവനന്തപുരം : സംസ്ഥാനത്താകെ 133 കേന്ദ്രങ്ങളിലായി 13,300 പേര്‍ ഇന്ന് കോവിഡ് വാക്സിന്‍ സ്വീകരിക്കും . സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ബ്ലോക്ക് തലത്തിലും എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്. എല്ലാ കേന്ദ്രങ്ങളിലും വാക്സിനേഷനായി വിപുലമായ സംവിധാനങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങളും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങള്‍ വീതവും ഉണ്ടാകും. ബാക്കി ജില്ലകളില്‍ 9 കേന്ദ്രങ്ങള്‍ വീതമാണ് ഉണ്ടാകുക.
വാക്‌സിനേഷന്‍ നടത്തുന്നതിനുള്ള രജിസ്ട്രേഷന്‍ സ്ഥലം, കാത്തിരിപ്പ് കേന്ദ്രം, കുത്തിവയ്പ് മുറി, നിരീക്ഷണ മുറി എന്നിവിടങ്ങളില്‍ വാക്സിനേഷന്‍ ടീമിലെ അംഗങ്ങളും ചുമതലയുള്ള ഉദ്യോഗസ്ഥരും ഗുണഭോക്താവും ഒഴികെ മറ്റാര്‍ക്കും പ്രവേശിക്കാന്‍ അനുവദമില്ല. സ്ഥാപനത്തിലെ അഡ്മിനിസ്ട്രേഷന്‍ സ്റ്റാഫുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വിഐപികള്‍ക്കും എല്ലാം ഇതു ബാധകമായിരിക്കും. അതേസമയം, 433500 ഡോസ് എത്തിച്ചിട്ടുണ്ടങ്കിലും വാക്സിന്‍ സ്വീകരിക്കാന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 368666 ആരോഗ്യപ്രവര്‍ത്തകരാണ്. 173253 സര്‍ക്കാര്‍ മേഖലയില്‍ നിന്നും,195613 സ്വകാര്യ മേഖലയില്‍ നിന്നും രജിസ്റ്റര്‍ ചെയ്തു.