KeralaNews

കുട്ടികൾക്ക് കോവിഡ് വാക്സിൻ: നിർണ്ണായക തീരുമാനവുമായി വിദഗ്‌ധസമിതി

ന്യൂഡൽഹി:കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകേണ്ടെന്ന് പ്രതിരോധ കുത്തിവെപ്പിനുള്ള ദേശീയ സാങ്കേതിക ഉപദേശക സമിതി (എൻ.ടി.എ.ജി.ഐ.) വിലയിരുത്തൽ. ഇക്കാര്യം കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് സമിതി അംഗവും വെല്ലൂർ ക്രിസ്ത്യൻ കോളേജ് പ്രൊഫസറുമായി ഡോ. ജയപ്രകാശ് മൂലിയിൽ അറിയിച്ചു.

പന്ത്രണ്ടു വയസ്സിനുതാഴെയുള്ള ഒരു കുട്ടിപോലും കോവിഡിനാൽ മരിച്ചിട്ടില്ല. അർബുദം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾക്ക് ചികിത്സയിലിരുന്ന ചില കുട്ടികളിൽ മരണശേഷം കോവിഡ് വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും അവരുടെ മരണകാരണം കോവിഡായി കണക്കാക്കാനാകില്ല. ഒമിക്രോൺ ഭീതിയിൽ കുട്ടികൾക്ക് വാക്സിനേഷൻ വേഗത്തിലാക്കണമെന്ന വാദത്തിന് ശാസ്ത്രീയ അടിത്തറയില്ല. കാരണം, കോവിഡിന്റെ ഒമിക്രോൺ വകഭേദം കുട്ടികളെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ വിദേശരാജ്യങ്ങളിലടക്കം പഠനം ആദ്യഘട്ടങ്ങളിലാണ്.

ഇനി കുട്ടികളിൽ വാക്സിൻ ഉപയോഗിക്കാൻ ഭാവിയിൽ തീരുമാനമുണ്ടായാൽത്തന്നെ മറ്റു രോഗങ്ങളുള്ളവരെയാകും ആദ്യഘട്ടത്തിൽ പരിഗണിക്കുകയെന്നും ഡോ. ജയപ്രകാശ് പറഞ്ഞു. എന്നാൽ, കേന്ദ്രം ഇതുസംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

കുട്ടികളിലെ കോവിഡ് കുത്തിവെപ്പിൽ അടിയന്തര തീരുമാനമുണ്ടാകില്ലെന്ന് കഴിഞ്ഞ ഒക്ടോബറിൽ ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പ്രതികരിച്ചിരുന്നു. മറ്റുരാജ്യങ്ങളിൽ കുട്ടികളുടെ വാക്സിനേഷന് കൂടുതൽ ഊന്നൽ നൽകുന്നില്ല. അത് എന്തുകൊണ്ടെന്ന് പഠിക്കാനും മാണ്ഡവ്യ വിദഗ്‌ധർക്ക് നിർദേശം നൽകിയിരുന്നു.

പന്ത്രണ്ടു വയസ്സിനുമുകളിലുള്ള കുട്ടികളിൽ നിയന്ത്രിത ഉപയോഗത്തിന് കാഡില ഹെൽത്ത് കെയറിന്റെ സൈക്കോവ്-ഡി വാക്സിന് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ.) അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, വാക്സിൻ പദ്ധതിയിൽ ഉൾപ്പെടുത്താൻ ഉന്നതതല അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. സൈക്കോവ്-ഡിയ്ക്കു പുറമേ കുട്ടികളിൽ ഉപയോഗിക്കുന്ന നാലു വാക്സിനുകൾകൂടി അന്തിമഘട്ട പരീക്ഷണത്തിലാണ്.

2-18 വയസ്സുവരെയുള്ള കുട്ടികൾക്ക് നൽകാവുന്ന ഭാരത് ബയോടെക്കിന്റെ കോവാക്സിൻ, 2-17 വരെ പ്രായത്തിലുള്ള കുട്ടികൾക്കായുള്ള നാനോപാർട്ടിക്കിൾ (ദ്രവ കോവോവാക്സിൻ), ജോൺസൺ ആൻഡ് ജോൺസണിന്റെ എ.ഡി. 26കോവ്.2എസ്, 5-18 വയസ്സിനിടയിലുള്ള ബയോളജിക്കൽ ഇ-യുടെ ആർ.ബി.ഡി. തുടങ്ങി വാക്സിനുകൾ 2-3 ഘട്ട പരീക്ഷണത്തിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button