ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷം കടന്നു. എട്ട് ദിവസം മാത്രമാണ് 25 ലക്ഷത്തില്‍ നിന്ന് 30 ലക്ഷം കടക്കാനെടുത്തത്. ആകെ മരണങ്ങള്‍ 56,000 പിന്നിട്ടു.
രാജ്യത്ത് ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത് 206-ാം ദിവസമാണ് രോഗബാധിതരുടെ എണ്ണം മുപ്പത് ലക്ഷം കടന്നത്. 20ല്‍ നിന്ന് 30 ലക്ഷം കടക്കാനെടുത്തത് 16 ദിവസം മാത്രമാണ്. കൊവിഡ് കേസ് 29 ലക്ഷം കടന്നത് വെള്ളിയാഴ്ചയാണ്. രണ്ട് ദിവസം കൊണ്ട് വര്‍ധിച്ചത് 1,39,117 രോഗികള്‍. ആകെ പോസിറ്റീവ് കേസുകള്‍ 3,044,940 ആയി. ആകെ മരണം 56,706.
മഹാരാഷ്ട്രയില്‍ ദിനംപ്രതി 14,000ല്‍ അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യമാണ്. രോഗവ്യാപനം രൂക്ഷമായ ആദ്യ അഞ്ച് സംസ്ഥാനങ്ങളില്‍ മൂന്നും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ്. ആന്ധ്ര, കര്‍ണാടക, തമിഴ്നാട്. ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ബിഹാര്‍, അസം, ഒഡിഷ സംസ്ഥാനങ്ങളിലും രോഗവ്യാപനം തീവ്രമാണ്.
അതേസമയം, രോഗമുക്തി നിരക്ക് 74.89 ശതമാനമായി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 57,989 പേര്‍ രോഗമുക്തരായി. മരണനിരക്ക് 1.86 ശതമാനമായി കുറഞ്ഞത് ആശ്വാസമായി തുടരുന്നു. ഇന്നലെ 8,01,147 സാമ്പിളുകള്‍ പരിശോധിച്ചെന്ന് ഐസിഎംആര്‍ വ്യക്തമാക്കി.