ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,353 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ ചികില്‍സയിലുള്ളത് 3,86,351 പേരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ രോഗബാധയില്‍ 36 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. രോഗമുക്തി നിരക്ക് 97.45 ശതമാനമായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞദിവസം 28,204 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇന്ത്യയില്‍ കോവിഡ് ബാധിച്ച് 498 മരണമാണ് ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നാഗാലാന്‍ഡിലെ മരണസംഖ്യ ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സൂചിപ്പിച്ചു.
കൊവിഡ് രോഗബാധിതരുടെ നിരക്ക് ജില്ലകളില്‍ വര്‍ധിക്കുന്ന പ്രവണതയാണ് കാണുന്നത്. ഓഗസ്റ്റ് മൂന്നിലെ ആഴ്ചയില്‍ 18 ആയിരുന്നത് 37 ആയി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തെ 44 ജില്ലകളില്‍ പ്രതിവാര ടിപിആര്‍ 10 ശതമാനത്തിന് മുകളിലാണ്. കേരളത്തിലാണ് ഒരു ലക്ഷത്തിന് മുകളില്‍ രോഗികളുള്ളത്. കേരളം അടക്കം ഒമ്പതു സംസ്ഥാനങ്ങളിലെ 37 ജില്ലകളില്‍ സ്ഥിതി ആശങ്കാജനകമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം സൂചിപ്പിക്കുന്നു.