ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഇന്നും നാല് ലക്ഷത്തിന് മുകളില്‍. 24 മണിക്കൂറിനിടെ 4,01,522 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 4,187 പേര്‍ മരിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് രോഗികളുടെ എണ്ണം നാല് ലക്ഷത്തിന് മുകളില്‍ തുടരുന്നത്.
രാജ്യം കൊവിഡിന്റെ മൂന്നാം തരംഗത്തെ പ്രതിരോധിക്കാന്‍ തയാറെടുക്കുമ്പോള്‍ കേരളമടക്കം പതിനൊന്ന് സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ദില്ലി, ഹരിയാന, ഒഡീഷ, ഉത്തരാഖണ്ഡ്, പശ്ചിമബംഗാള്‍, ആന്ധ്രാപ്രദേശ്, ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നിവയാണ് മറ്റ് സംസ്ഥാനങ്ങള്‍. മറ്റ് സംസ്ഥാനങ്ങളില്‍ ഭാഗികമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം ഓക്സിജന്‍ പ്രതിസന്ധിയും കിടക്കകളുടെ ദൗര്‍ലഭ്യതയും കൂടുതല്‍ നേരിട്ട ഡല്‍ഹിയില്‍ ഓക്സിജന്‍ ക്ഷാമം പരിഹരിച്ചു തുടങ്ങി. കൂടുതല്‍ പേര്‍ക്ക് വാക്സിന്‍ എത്തിക്കാനാണ് ഇപ്പോഴുള്ള ശ്രമം. കേരളത്തില്‍ മെയ് 16 വരെയാണ് സമ്പൂര്‍ണ ലോക്ക്ഡൗണ്‍. കര്‍ണാടകയില്‍ മെയ് 10 മുതല്‍ 24 വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യവസായശാലകള്‍ അടക്കം നിര്‍മ്മാണ പ്രവൃത്തികള്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 54,022 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ഡല്‍ഹിയാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ള സംസ്ഥാനം.
കൊവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാന്‍ മൂന്ന് മാസത്തിനുള്ളില്‍ ഡല്‍ഹിയിലെ മുഴുവന്‍ ആളുകള്‍ക്കും കൊവിഡ് വാക്സിന്‍ നല്‍കുമെന്നു മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. ‘ഡല്‍ഹിയില്‍ ഇപ്പോള്‍ ഓക്സിജന്‍ ക്ഷാമമില്ല. ആവശ്യത്തിന് ഓക്സിജന്‍ ബെഡുകളും തയാറാണ്’. മന്ത്രിസഭാ യോഗത്തിന് ശേഷം കെജരിവാള്‍ പറഞ്ഞു. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആരോഗ്യ മന്ത്രി, ആരോഗ്യ വകുപ്പ് സെക്രട്ടറി, ജില്ലാ മജിസ്ട്രേറ്റുമാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ സംവിധാനങ്ങള്‍ ഉറപ്പുവരുത്താന്‍ സന്ദര്‍ശനം നടത്തണമെന്ന് മുഖ്യമന്ത്രി ജില്ലാ മജിസ്ട്രേറ്റുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഡല്‍ഹിയിലെ മാധ്യമ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ വാക്സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുമെന്നും ഇതിന്റെ ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് രണ്ടാ തരംഗത്തില്‍ 15 ലക്ഷത്തോളം ആളുകള്‍ക്കാണ് ഡല്‍ഹിയില്‍ രണ്ടാഴ്ചക്കിടെ രോഗം ബാധിച്ചത്. ഇതോടെ ഓക്സിജന്‍ ക്ഷാമം രൂക്ഷമാകുകയായിരുന്നു. കഴിഞ്ഞ ദിവസം 19,832 കേസുകളും 341 മരണങ്ങളുമാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്.