ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ കൊവിഡ് സാഹചര്യം സങ്കീര്‍ണം. 50 ശതമാനത്തില്‍ അധികം ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജഡ്ജിമാര്‍ വീടുകളിലിരുന്ന് സിറ്റിംഗ് നടത്താന്‍ തീരുമാനമായി.
കോടതി മുറികള്‍ അണുവിമുക്തമാക്കാന്‍ നടപടി തുടങ്ങി. ഇന്ന് ഒരു മണിക്കൂര്‍ വൈകിയാകും കോടതി നടപടികള്‍ ആരംഭിക്കുക. സുപ്രീം കോടതിയിലെ മുറികളും ചേമ്പറുകളും അടക്കം അണുവിമുക്തം ആക്കിയ ശേഷമായിരിക്കും വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുക.
രാജ്യത്ത് കൊവിഡ് കണക്കുകള്‍ കുത്തനെ ഉയരുകയാണ്. 24 മണിക്കൂറിനുള്ളില്‍ 1,68,912 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനുള്ളില്‍ 904 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് കേസുകള്‍ 1.35 കോടിയും, മരണസംഖ്യ 1,70,179 ഉം ആയി ഉയര്‍ന്നു.
മഹാരാഷ്ട്രയിലാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 63,294 പോസിറ്റീവ് കേസുകളും 349 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയ്ക്ക് പിന്നാലെ കേരളം, കര്‍ണാടക, തമിഴ്നാട്, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ്.
ഡല്‍ഹിയിലും കൊവിഡ് വ്യാപനം രൂക്ഷമാണ്. 24 മണിക്കൂറിനിടെ 10,774 കൊവിഡ് കേസുകളും 48 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഈ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അവലോകന യോഗം വിളിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 12 മണിക്ക് യോഗം ചേരും.
കൊവിഡ് വ്യാപനം അതിരൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ നിലവില്‍ ഇന്ത്യ രണ്ടാമതാണ്. യുഎസിലെ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബ്രസീലാണ് ഇന്ത്യയ്ക്ക് തൊട്ടുപിന്നില്‍.