ന്യൂഡൽഹി: നിലവിലെ കോവിഡ് തരംഗം ഫെബ്രുവരിയിലെ ആദ്യ രണ്ടാഴ്ചകളിൽ പാരമ്യത്തിലെത്തുമെന്ന് മദ്രാസ് ഐഐടിയിലെ ഗവേഷകർ. ഫെബ്രുവരി ഒന്നിനും 15നും ഇടക്ക് കോവിഡ് മൂന്നാം തരംഗം രൂക്ഷമായേക്കുമെന്നാണ് പഠന റിപ്പോർട്ട്. കോവിഡ് ആർ വാല്യുവിന്റെ അടിസ്ഥാനത്തിലാണ് പഠനം.
പകർച്ച വ്യാപന സാധ്യത, സമ്പർക്ക പട്ടിക, രോഗം പകരാനുള്ള ഇടവേള എന്നിവയുടെ അടിസ്ഥാനത്തിലാണ് ആർ വാല്യു നിർണയിക്കുന്നത്. ആർ വാല്യു ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്കായ നാലിലേക്ക് എത്തിയെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടി. അതായത് കോവിഡ് പിടിപെട്ട ഒരാളിൽ നിന്ന് മറ്റു നാല് പേർക്കു കൂടി വൈറസ് പിടിപെടാം.
കോവിഡ് ഏറ്റവും ശക്തമായിരുന്ന രണ്ടാം കോവിഡ് തരംഗത്തിൽ പോലും ആർ വാല്യു 1.69 ആയിരുന്നു. ഡിസംബർ അവസാനവാരം രാജ്യത്ത് ആർ വാല്യു 2.69 ആയിരുന്നു. ഐഐടി ഗണിതശാസ്ത്ര വിഭാഗവും സെൻറർ ഓഫ് എക്സലൻസ് ഫോർ കമ്പ്യൂട്ടേഷനൽ മാത്തമാറ്റിക്സ് ആൻഡ് ഡേറ്റ സയൻസും ചേർന്ന് നടത്തിയ പഠനത്തിൻറെ അടിസ്ഥാനത്തിലാണ് നിഗമനം.
വരുംദിവസങ്ങൾ നിർണായകമാണെന്നും നിയന്ത്രണ നടപടികൾ കർശനമാക്കിയാൽ ആർ വാല്യു വീണ്ടും കുറയ്ക്കാൻ കഴിയുമെന്നും ഗവേഷണത്തിന് നേതൃത്വം നൽകിയ പ്രഫസർ ഡോ. ജയന്ത് ഝാ പറഞ്ഞു.