ന്യൂഡൽഹി: വിദേശ രാജ്യങ്ങളിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജാഗ്രത കൂട്ടി കേന്ദ്ര സർക്കാർ. അന്താരാഷ്ട്ര യാത്രക്കാരിൽ ഓരോ വിമാനത്തിലെയും രണ്ട് ശതമാനം പേരെ പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പല സംസ്ഥാനങ്ങളും മാസ്ക് നിർബന്ധമാക്കി ഉത്തരവിറക്കി. ക്രിസ്മസ് ന്യൂഇയർ ആഘോഷങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന പ്രധാനമന്ത്രിയുടെ കോവിഡ് അവലോകന യോഗത്തിൽ പരിശോധനയും ജനിതകശ്രേണിരണവും കൂട്ടാൻ നിർദ്ദേശിച്ചിരുന്നു.
ചൈനയാണ് ഇപ്പോൾ ലോകത്ത് കൊവിഡ് സ്ഥിതി ഏറ്റവും മോശമായി തുടരുന്ന രാജ്യം. 141 കോടി ജനസംഖ്യയുള്ള ചൈനയിൽ ഇതുവരെ ഉണ്ടായതിലെ ഏറ്റവും വലിയ കൊവിഡ് തരംഗമാണ് വരാൻ പോകുന്നതെന്നാണ് മുന്നറിയിപ്പ്. കൊവിഡ് രോഗികളുടെ എണ്ണം പ്രതിദിനം പത്ത് ലക്ഷമെന്നാണ് വിലയിരുത്തൽ. മരണ നിരക്ക് 5000 ത്തിൽ എത്തിയിട്ടുണ്ടെന്നും ലണ്ടൻ ആസ്ഥാനമായ ആരോഗ്യ വിശകലന സ്ഥാപനം എയർഫിനിറ്റി ലിമിറ്റഡ് പറയുന്നു.
ജനുവരിയിലും മാർച്ചിലും പുതിയ രണ്ട് കൊവിഡ് തരംഗങ്ങൾക്കൂടി ചൈനയിലുണ്ടാകുമെന്നും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ജനുവരി പകുതിയോടെ പ്രതിദിന കേസുകൾ 37 ലക്ഷമായി ഉയരും. മാർച്ചിൽ ഇത് 42 ലക്ഷത്തിലേക്ക് എത്തും. കൊവിഡ് സീറോയിൽ നിന്നുള്ള പെട്ടന്നുള്ള പിന്മാറ്റം വൻ തിരിച്ചടിയാണ് ചൈനയിൽ ഉണ്ടാക്കിയിരിക്കുന്നത്. തുടക്കം മുതൽ കൊവിഡിന്‍റെ എല്ലാ വശങ്ങളും നിരീക്ഷിക്കുകയും വിശകലനം ചെയ്യുന്ന സ്ഥാപനമാണ് എയർഫിനിറ്റി ലിമിറ്റഡ്.