KeralaNews

കേരളത്തിൽ ആഞ്ഞടിയ്ക്കുന്നത് ജനിതകമാറ്റം വന്ന വൈറസ്, ചെറുപ്പക്കാരിലടക്കം രോഗം ഗുരുതരമാകുന്നു

കൊച്ചി:രാജ്യത്തെ ഞെട്ടിച്ച് ആഞ്ഞടിയ്ക്കുന്ന രണ്ടാം തരംഗത്തില്‍ കേരളത്തിലും ചെറുപ്പക്കാരിലടക്കം ഭൂരിഭാഗം പേരിലും കൊവിഡ് ഗുരുതരമാകുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍. പ്രതിരോധ ശേഷിയെ മറികടക്കാൻ കഴിവുള്ള ജനിതക വ്യതിയാനം സംഭവിച്ച വൈറസാണിതിന് കാരണമെന്ന് ആരോഗ്യ വിദഗ്ധ‍ർ.

സംസ്ഥാനത്ത് തീവ്ര പരിചരണ വിഭാഗത്തിലും വെന്‍റിലേറ്ററിലും പ്രവേശിപ്പിച്ച രോഗികളുടെ എണ്ണം കുത്തനെ കൂടുകയാണ്. തിരുവനന്തപുരം ജില്ലയിലാണ് രോഗം ഗുരുതരമാകുന്നവരുടെ എണ്ണം കൂടുതൽ.ആദ്യ തരംഗത്തില്‍ രോഗ നിരക്ക് ഇരട്ടിയാകാനെടുത്ത സമയം 28 ദിവസമായിരുന്നെങ്കില്‍ ഇപ്പോഴിത് 10 ആയി കുത്തനെ കുറഞ്ഞു.

ഒരാളില്‍ നിന്ന് രണ്ടോ മൂന്നോ പേരിലേക്ക് രോഗം പടര്‍ന്നിരുന്ന ആര്‍ നോട്ട് ഇപ്പോൾ ശരാശരി നാലായി. രോഗം ബാധിക്കുന്നവരില്‍ ന്യുമോണിയ, ശ്വാസ തടസം അടക്കം ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ് കാണുന്നത്. പലരുടേയും നില വഷളാകുന്ന സ്ഥിതിയാണ്. കഴിഞ്ഞ ഒരാഴ്ചയായി തീവ്ര പരിചരണ വിഭാഗത്തിലും വെന്‍റിലേറ്ററുകളിലും പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കൂടി. ഐസിയുകളില്‍ 889പേരും വെന്‍റിലേറ്ററുകളില്‍ 248 പേരും ഉണ്ട്.

മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ദില്ലി, കര്‍ണാടക എന്നീ സംസ്ഥാനങ്ങൾ കഴിഞ്ഞാൽ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ അഞ്ചാംസ്ഥാനത്തുള്ള കേരളത്തില്‍ ഏപ്രിൽ ആറ് മുതല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും കാര്യമായ വര്‍ധനയുമുണ്ട്.

ജനുവരിയില്‍ കേരളത്തില്‍ നടത്തിയ കൊറോണ വൈറസ് ജനിതക ശ്രേണീകരണ പരിശോധനയിൽ കോഴിക്കോട്, കോട്ടയം, വയനാട്, കാസര്‍കോട് ജില്ലകളിലായി 10 ശതമാനം പേരില്‍ പ്രതിരോധ ശേഷിയെ മറികടക്കാൻ കഴിവുള്ള എന്‍440കെ വൈറസ് കണ്ടെത്തിയിരുന്നു. വൈറസ് സാന്നിധ്യം കണ്ടെത്തിയോതോടെ ജനുവരി കഴിഞ്ഞുള്ള മൂന്നുമാസം അതിനിര്‍ണായകമാണെന്ന് അന്ന് തന്നെ മുന്നറിയിപ്പും ശാസ്ത്രജ്ഞര്‍ നൽകിയിരുന്നു.

മഹാരാഷ്ട്രയിൽ 60ശതമാനത്തിനും മേലെ ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസാണ്. ഇതുപോലെ കേരളത്തിലും സംഭവിച്ചാൽ വലിയ തിരിച്ചടിയാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button