ദുബായ്:ഗൾഫിലുടനീളമുള്ള കോവിഡ് കേസുകളുടെ വർധനയെത്തുടർന്ന് അധികൃതർ ജാഗ്രത കടുപ്പിച്ചു. ഒമാനിൽ മേയ് 31 വരെയുള്ള കാലയളവ് കൂടുതൽ നിർണായകമാണെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പുനൽകി. ഈ കാലയളവിൽ വ്യാപനം ശക്തമായേക്കുമെന്നാണ് വിവരം. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ശനിയാഴ്ചമുതൽ ഒമാനിലെ എല്ലാ ക്ഷേത്രങ്ങളും ക്രിസ്ത്യൻ ആരാധനാലയങ്ങളും അനിശ്ചിതകാലത്തേക്ക് അടച്ചിടാൻ ഒമാൻ മതകാര്യമന്ത്രാലയം നിർദേശിച്ചു.
കോവിഷീൽഡ് വാക്സിന്റെ ആദ്യ ബാച്ച് ശനിയാഴ്ച രാജ്യത്തെത്തിയതായി ഒമാൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് വ്യാപനം ഇതുപോലെ തുടരുകയാണെങ്കിൽ റംസാൻ അവസാനത്തെ പത്തിൽ കുവൈത്തിൽ പൂർണ കർഫ്യൂ ഏർപ്പെടുത്തിയേക്കും. നിലവിൽ 22 വരെ ഭാഗിക കർഫ്യൂ നിലവിലുണ്ട്. റംസാനു ശേഷമുള്ള അവസ്ഥ അനുസരിച്ചായിരിക്കും തീരുമാനം. അതിനിടെ കുവൈത്തിൽ വിദേശികൾക്ക് ഏർപ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് നീട്ടി. ഒരറിയിപ്പുണ്ടാകുന്നതുവരെ വിദേശികൾക്കുള്ള പ്രവേശന വിലക്ക് തുടരാനാണ് തീരുമാനം.
ഒമാനിലും സൗദിയിലുമാണ് രോഗികളുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തിയത്. ഒമാനിൽ 72 മണിക്കൂറിനിടെ 3139 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് കേസുകൾ 1,63,157 ആയി. ഒൻപതുപേർകൂടി മരിച്ചതോടെ മരണസംഖ്യ 1690 ആയി. 24 മണിക്കൂറിനിടെ 97 കോവിഡ് രോഗികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
യു.എ.ഇ.യിൽ 2113 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ആറുപേർകൂടി മരിച്ചു. ഇതുവരെ രാജ്യത്ത് 4,70,136 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ മരണം 1510 ആണ്. ബഹ്റൈനിൽ 1316 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. നാലുപേർകൂടി മരിച്ചു. ആകെ മരണം ഇതോടെ 531 ആയി. പുതുതായി റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിൽ 321 പേർ പ്രവാസി തൊഴിലാളികളാണ്.
ഖത്തർ വീണ്ടും ലോക്ഡൗണിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. ഖത്തർ ആരോഗ്യ ഉദ്യോഗസ്ഥരാണ് പൂർണ ലോക്ഡൗൺ വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. സൗദി അറേബ്യയിൽ കേസുകൾ വർധിച്ചതിനെത്തുടർന്ന് കനത്തജാഗ്രത പാലിക്കണമെന്ന് പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.