ലക്‌നൗ: കൊവിഡ് സ്ഥിരീകരിച്ച ഗര്‍ഭിണിയെ ആംബുലന്‍സ് തടഞ്ഞ് കടത്തിക്കൊണ്ടുപോയ വീട്ടുകാര്‍ക്കെതിരെ കേസെടുത്തു. വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലേക്ക് അയച്ച യുവതിയെയാണ് ആംബുലന്‍സ് തടഞ്ഞ് വീട്ടുകാര്‍ നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടു പോയത്. വീട്ടുകാര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി ക്രിമിനല്‍ കേസെടുത്തതായി പോലീസ് അറിയിച്ചു.
ഉത്തര്‍പ്രദേശിലെ മുസഫ്ഫര്‍നഗറിലാണ് സംഭവം. പ്രസവത്തിനായാണ് യുവതിയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചത്. പരിശോധനയില്‍ കൊവിഡ് ബാധയുണ്ടെന്ന് കണ്ടെത്തിയതോടെ യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി മുസഫര്‍നഗര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ഇതേ തുടര്‍ന്ന് ആംബുലന്‍സില്‍ യുവതിയെ കൊണ്ടുപോകും വഴിയാണ് വീട്ടുകാര്‍ വാഹനം തടഞ്ഞ് കൂട്ടിക്കൊണ്ടു പോയത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തല്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് ഗര്‍ഭിണിയുടെ വീട്ടുകാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.