മുംബൈ: കൊവിഡ് രണ്ടാം തരംഗത്തില്‍ പകച്ച് രാജ്യം. പ്രതിദിന കണക്ക് ഓരോ ദിവസവും വര്‍ധിക്കുന്നത് ആശങ്കയേറ്റുകയാണ്. രാജ്യത്ത് ഏറ്റവും തീവ്രവ്യാപനമുള്ള മഹാരാഷ്ട്രയില്‍ ഇന്ന് 63,729 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 398 മരണവും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, കര്‍ണാടകയിലും പ്രതിദിന കൊവിഡ് കേസുകള്‍ കൂടി. ഇന്ന് പതിനയ്യായിരത്തിനടുത്താണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഇതുവരെയുള്ളതില്‍ ഏറ്റവും കൂടിയ രോഗവ്യാപനമാണിത്. 14859 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 78 പേര്‍ മരണത്തിന് കീഴടങ്ങി. 9917 രോഗികളും ബെംഗളൂരു നഗരത്തില്‍ നിന്നാണ്. 57 പേര്‍ ഇവിടെ മരിച്ചു. അതേസമയം, കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്.
ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും പഞ്ചാബിലും രാത്രികാല കര്‍ഫ്യൂ പ്രഖ്യാപ്രിച്ചു. ദില്ലിയില്‍ വാരാന്ത്യ കര്‍ഫ്യൂ ശനിയാഴ്ച തുടങ്ങും. പൊതുസ്ഥലങ്ങളില്‍ നിയന്ത്രണം തുടരും. കേരളത്തിലും പ്രതിദിന കൊവിഡ് കേസുകള്‍ ഇന്ന് പതിനായിരം കടന്നു. ഇന്ന് 10,031 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ പത്തിന് ശേഷം ഇതാദ്യമായാണ് സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം പതിനായിരം കടക്കുന്നത്. 14.8 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണം കൂടി കൊവിഡ് മൂലമാണെന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. കോഴിക്കോടും എറണാകുളത്തും പ്രതിദിന രോഗബാധ ആയിരം കടന്നു.