ന്യൂഡല്‍ഹി: കൊവിഡ് രോഗം ഭേദമായ നാല്‍പത്തഞ്ചുകാരന് ഒരു മാസത്തിനുള്ളില്‍ വീണ്ടും രോഗബാധ. പശ്ചിമ ബംഗാളിലാണ് സംഭവം. ഇതോടെ ആരോഗ്യപ്രവര്‍ത്തകരുടെ ആശങ്ക വര്‍ധിച്ചിരിക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ജല്‍പായ്ഗുരിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന നാല്‍പത്തിയഞ്ചുകാരന് ജൂണ്‍ രണ്ടാം വാരത്തിലാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്.
തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഖം പ്രാപിച്ച ശേഷം വീണ്ടും ജോലിയ്ക്ക് പോകാന്‍ തുടങ്ങി. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തിന് വീണ്ടും കൊവിഡ് 19 ലക്ഷണങ്ങള്‍ പ്രകടമായിത്തുടങ്ങി. പരിശോധന നടത്തിയപ്പോള്‍ ഫലം പോസിറ്റീവ് ആയിരുന്നു. കൊവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആദ്യകാല രോഗികളായവരില്‍ വീണ്ടും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഒരിക്കല്‍ കൊവിഡ് ഭേദമായവര്‍ക്ക് വീണ്ടും രോഗബാധയേല്‍ക്കില്ലെന്ന വാദത്തിന് ശാസ്ത്രീയമായ തെളിവില്ലെന്ന് ലോകാരോഗ്യ സംഘടന ഏപ്രിലില്‍ വ്യക്തമാക്കിയിരുന്നു. രോഗം ഭേദമായവരുടെ ആന്റിബോഡികള്‍ വീണ്ടും രോഗം ബാധിക്കുന്നതില്‍ നിന്ന് സംരക്ഷണം നല്‍കുമെന്ന വാദത്തിന് ഇതുവരെ തെളിവില്ലെന്ന് ലോക ആരോഗ്യ സംഘടന അന്ന് അറിയിച്ചിരുന്നു.