ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനിലും കൊവിഡ് സ്ഥിരീകരിച്ചു. രാഷ്ട്രപതി ഭവനിലെ ശുചീകരണ തൊഴിലാളിയുടെ കുടുംബാംഗത്തിനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മുന്‍ കരുതല്‍ നടപടിയുടെ ഭാഗമായി രാഷ്ട്രപതി ഭവനിലെ 125 ഓളം കുടുംബാംഗങ്ങളെ സ്വയം നിരീക്ഷണത്തിലാക്കി.
അതേസമയം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 17,656 ആയി. ഇന്നലെ മാത്രം 1,267 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ചയെ അപേക്ഷിച്ച് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം വര്‍ധിച്ചു. 559 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 2,842 പേര്‍ രോഗമുക്തി നേടി.
മഹാരാഷ്ട്രയില്‍ 466 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒന്‍പത് പേര്‍ മരിച്ചു. ഗുജറാത്തില്‍ 196 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജസ്ഥാനില്‍ 98 പേര്‍ക്കും ഉത്തര്‍പ്രദേശില്‍ 95 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഡല്‍ഹിയിലും മധ്യപ്രദേശിലും എഴുപതില്‍ അധികം പേര്‍ക്കാണ് രോഗം കണ്ടെത്തിയത്.