തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് (Covid cases) കേസുകളിൽ നേരിയ വർധനവ്. ഇതിന്റെ പശ്ചാത്തലത്തിൽ എല്ലാ ജില്ലകൾക്കും ആരോഗ്യവകുപ്പ് (Health Department) നിർദ്ദേശം നൽകി. കോവിഡ് ലക്ഷണങ്ങളോടെ (covid symptoms) ചികിത്സ തേടുന്നവരിൽ പരിശോധന ഉറപ്പാക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
കഴിഞ്ഞ മാസത്തേക്കാൾ നേരിയ വർധനവാണ് പ്രതിദിന കോവിഡ് കേസുകളിൽ ഈ മാസം റിപ്പോർട്ട് ചെയ്തത്. 20 മുതൽ 30 വരെ കോവിഡ് കേസുകളാണ് ഈ ദിവസങ്ങളിൽ റിപോർട്ട് ചെയ്തത്. ഇതിൽ കിടത്തി ചികിത്സ ആവശ്യമായി വന്നവരുടെ എണ്ണവും നേരിയ തോതിൽ വർദ്ധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ചൈനയിൽ അജ്ഞാത വൈറസ് വ്യാപനം ഉണ്ടാവുന്നതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. ചൈനയിലെ വൈറസ് വ്യാപനത്തിൽ ഇന്ത്യയിൽ നിലവിൽ യാതൊരു ആശങ്കയും വേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. മുൻകരുതൽ നടപടികളുടെ ഭാഗമായി ആശുപത്രി കിടക്കകളും വെൻറിലേറ്ററുകളും സജ്ജമാക്കാനുള്ള നിർദേശം നൽകിയിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു. പിപിഇ കിറ്റുകളും പരിശോധന കിറ്റുകളും ശേഖരിച്ച് വെയ്ക്കാനും നിർദേശം നൽകിയിട്ടുണ്ട്. ചൈനയിലെ ശ്വാസകോശ രോഗം വ്യാപകമായി പടരുന്നതാണെന്ന തെളിവൊന്നുമില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
ചൈനയിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ക്രമാതീതമായി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രം ജാഗ്രതാ നിർദേശം നൽകിയിരുന്നു. രാജസ്ഥാൻ, ഗുജറാത്ത്, ഉത്തരാഖണ്ഡ്, കർണാടക, തമിഴ്‌നാട് എന്നിവയുൾപ്പെടെ അഞ്ച് സംസ്ഥാനങ്ങൾക്കാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. കർണാടക ആരോഗ്യവകുപ്പ് പൗരന്മാർക്ക് രോഗങ്ങളുമായി ബന്ധപ്പെട്ട് ബോധവാന്മാരാകണമെന്ന് നിർദ്ദേശം നൽകി.
കുഞ്ഞുങ്ങൾ, പ്രായമായവർ, ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ, സ്റ്റിറോയിഡുകൾ പോലുള്ള ദീർഘകാല മരുന്നുകൾ കഴിക്കുന്നവർ തുടങ്ങിയ ആളുകൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. പനി, വിറയൽ, അസ്വാസ്ഥ്യം, വിശപ്പില്ലായ്മ, മ്യാൽജിയ, ഓക്കാനം, തുമ്മൽ, മൂന്നാഴ്ച വരെ നീണ്ടുനിൽക്കുന്ന വരണ്ട ചുമ എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ.
രാജ്യത്തുടനീളം ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർദ്ധിക്കുന്നതിന് പിന്നിൽ പുതിയ വൈറസുകളല്ലെന്ന് ചൈന ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ചൈനയിലെ കുട്ടികളിൽ ന്യുമോണിയ ബാധ വർദ്ധിക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ബീജിംഗിൽ നിന്നുള്ള ഈ പ്രസ്താവന.
പനിയും അറിയപ്പെടുന്ന മറ്റ് രോഗാണുക്കളും കാരണം രാജ്യത്ത് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർദ്ധിക്കുന്നുണ്ടെന്ന് ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷൻ വക്താവ് കഴിഞ്ഞ ദിവസം പറഞ്ഞു. ഇൻഫ്ലുവൻസ വൈറസ് (എച്ച് 9 എൻ 2), റിനോവൈറസ്, റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് അല്ലെങ്കിൽ ആർഎസ് വി, അഡെനോവൈറസ്, മൈകോപ്ലാസ്മ ന്യൂമോണിയ പോലുള്ള ബാക്ടീരിയകൾ എന്നിവയാണ് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് സാധാരണ കാരണങ്ങളാകുകയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.