തിരുവനന്തപുരം:കോവിഡ് രോഗികളുടെ എണ്ണം വീണ്ടും പതിനായിരത്തിലെത്തിയേക്കുമെന്ന ആശങ്കയിൽ ആരോഗ്യവകുപ്പ്. രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ അതത് പ്രദേശങ്ങളിൽ കോവിഡ് പ്രാഥമികചികിത്സാ കേന്ദ്രങ്ങൾ (സി.എഫ്.എൽ.ടി.സി.) അടക്കമുള്ള സൗകര്യങ്ങൾ സജ്ജമാക്കും. നിലവിലുണ്ടായിരുന്ന പല കേന്ദ്രങ്ങളും രോഗികളുടെ എണ്ണം കുറഞ്ഞതോടെ നിർത്തലാക്കിയിരുന്നു. കളക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.
ആശുപത്രികളിലെ ചികിത്സാസൗകര്യം വർധിപ്പിക്കുന്നതിനൊപ്പം മെഡിക്കൽ കോളേജുകളിൽ ഗുരുതര രോഗികളെ ചികിത്സിക്കാനുള്ള സൗകര്യവും സജ്ജമാക്കും. ആരോഗ്യ പ്രശ്നങ്ങളില്ലാത്ത കോവിഡ് രോഗികൾക്ക് വീട്ടിലെ ചികിത്സ തുടരും. വീടുകളിൽ സൗകര്യമുള്ളവർക്ക് മാത്രമാകും ഇതിന് അനുമതി നൽകുക.
കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കാനും മന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തിൽ ഓൺലൈനായി ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. വെള്ളിയാഴ്ച രോഗികളുടെ എണ്ണം 5000 കടന്നു. നിലവിൽ 560-ഓളം രോഗികളാണ് ഐ.സി.യു.വിൽ കഴിയുന്നത്. 168 പേർക്ക് വെന്റിലേറ്ററിന്റെ സഹായവും നൽകിയിട്ടുണ്ട്.
45 വയസ്സിനുമുകളിലുള്ള പരമാവധി പേർക്ക് ഒരു മാസത്തിനുള്ളിൽ കോവിഡ് പ്രതിരോധമരുന്ന് നൽകാനുള്ള കൂട്ടവാക്സിനേഷൻ നടപ്പാക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. കോവിഡ് രോഗികളുടെ എണ്ണം സൂചിപ്പിക്കുന്ന ഗ്രാഫ് താഴ്ത്തിക്കൊണ്ടുവരുന്നതിനായി ‘ക്രഷിങ് ദ കർവ്’ എന്ന പേരിലുള്ള കർമപദ്ധതിയാണ് ലക്ഷ്യം.
രോഗം ബാധിച്ചിട്ടില്ലാത്തവരെ സുരക്ഷിതരാക്കുന്നതിന്റെ ഭാഗമായാണ് പ്രതിരോധ മരുന്നുവിതരണം വേഗത്തിലാക്കുന്നത്. 11.48 ലക്ഷം പേർക്ക് രോഗം പിടിപെട്ടിട്ടുണ്ട്. സിറോ സർവയലൻസ് സർവേ പ്രകാരം സംസ്ഥാനത്ത് 11 ശതമാനത്തോളം പേർ കോവിഡ് വന്നുപോയത് അറിഞ്ഞിട്ടില്ല. 95 ശതമാനത്തിലധികം ആരോഗ്യ പ്രവർത്തകർക്കും വാക്സിനെടുത്തു. ആവശ്യത്തിന് വാക്സിൻ ലഭ്യമാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ആരോഗ്യപ്രവർത്തകരിൽ 4,90,625 പേർ ആദ്യ ഡോസും 3,21,209 പേർ രണ്ടാംഡോസും സ്വീകരിച്ചു. മുൻനിരപ്രതിരോധ പ്രവർത്തകരിൽ 1,13,191 പേരാണ് ആദ്യഡോസ് സ്വീകരിച്ചത്. 76,104 പേർ രണ്ടാംഡോസും കുത്തിവെച്ചു. തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന 3,27,167 ഉദ്യോഗസ്ഥർക്ക് ആദ്യ ഡോസും 20,336 പേർക്ക് രണ്ടാം ഡോസും നൽകി. 45-നുമേൽ പ്രായമുള്ള 29,66,007 പേർക്ക് ആദ്യ ഡോസ് നൽകി. 36,327 പേർ രണ്ടാം ഡോസും സ്വീകരിച്ചു. അറുപതിനുമേൽ പ്രായമായവരും 45-നുമേൽ പ്രായമായ മറ്റുരോഗമുള്ളവരും അടക്കമാണിത്.
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിമൂന്ന് കോടി അമ്പത്തിരണ്ട് ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം ഏഴ് ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. മരണസംഖ്യ 29.27 ലക്ഷം കടന്നു. നിലവില്‍ രണ്ട് കോടിയിലേറെ പേര്‍ ചികിത്സയിലുണ്ട്.
ഇന്ത്യയില്‍ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായി കൊണ്ടിരിക്കുകയാണ്. ഒരു ദിവസത്തിനിടെ ഒരുലക്ഷത്തി നാല്‍പ്പത്തിനാലായിരത്തിലധികം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി മുപ്പത്തിരണ്ട് ലക്ഷം കടന്നു. 773 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ആകെ മരണം 1.68 ലക്ഷമായി ഉയര്‍ന്നു.
രോഗികളുടെ എണ്ണത്തില്‍ അമേരിക്കയും ബ്രസീലും മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുളളത്.അമേരിക്കയില്‍ മൂന്ന് കോടി പതിനെട്ട് ലക്ഷം രോഗബാധിതരുണ്ട്. 5.74 ലക്ഷം പേര്‍ മരിച്ചു. ബ്രസീലില്‍ ഒരു കോടി മുപ്പത്തിമൂന്ന് ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3.48 ലക്ഷം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.